
ദോഹ: 2022 ഫിഫ ലോകകപ്പിലേക്കുള്ള ഖത്തറിന്റെ യാത്രയില്‍ ഔദ്യോഗികമായി പങ്കാളിയായി വിഖ്യാത ബ്രസീലിയന്‍ ഫുട്ബോള്‍ താരം കാഫു. ഖത്തര്‍ ലോകകപ്പിന്റെ അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പടെ സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ അംബാസഡറായി കാഫുവിനെ തെരഞ്ഞെടുത്തു.
രണ്ടുതവണ ഫിഫ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. 2002ല്‍ ബ്രസീല്‍ ഫിഫ ലോകകപ്പ് നേടുമ്പോള്‍ കാഫുവായിരുന്നു ക്യാപ്റ്റന്‍. സ്പാനിഷ് ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസ്, കാമറൂണിന്റെ സാമുവല്‍ ഏറ്റു, മുഹമ്മദ് സാദുന്‍ അല്‍കുവാരി ഉള്‍പ്പടെയുള്ളവര്‍ സുപ്രീംകമ്മിറ്റി അംബാസഡര്‍മാരാണ്.

ഇവരുടെ നിരയിലേക്കാണ് ഇപ്പോള്‍ കാഫുവും എത്തിയിരിക്കുന്നത്. അറബ് ലോകത്ത് ഇതാദ്യമായി നടക്കുന്ന ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റി നടപ്പാക്കുന്ന വിവിധങ്ങളായ ലെഗസി പ്രോഗ്രാമുകളും അടിസ്ഥാനസൗകര്യ പദ്ധതികളിലും ഇവരുടെ പങ്കാളിത്തമുണ്ടാകും.
കാഫുവിന്റെ ഹോംനഗരമായ സാവോപോളോയില്‍ നടന്ന ചടങ്ങില്‍ സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്തവാദിയാണ് കാഫുവിനെ സുപ്രീംകമ്മിറ്റി അംബാസഡര്‍ പദവിയിലേക്ക് ക്ഷണിച്ചത്. ഔദ്യോഗിക ജഴ്സിയും കാഫുവിന് കൈമാറി. ഖത്തറില്‍ ലോകകപ്പ് മികവുറ്റതാക്കാന്‍ പരിശ്രമിക്കുന്ന ടീമിനെ പിന്തുണയ്ക്കുന്നതിനായി ഔദ്യോഗികമായി പങ്കാളിയാകാനാകുന്നതില് സന്തോഷമുണ്ടെന്ന് കാഫു പറഞ്ഞു.
തന്റെ ജീവിതത്തില്‍ ലോകകപ്പ് സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും കാഫു കൂട്ടിച്ചേര്‍ത്തു. വിഖ്യാതമായ 1970 ലോകകപ്പിലെ ബ്രസീല്‍- ഇംഗ്ലണ്ട് മത്സരസമയത്തായിരുന്നു തന്റെ ജനനം. കായികവുമായി ആജീവനാന്ത ബന്ധം പുലര്‍ത്തുക എന്നത് എന്റെ വിധി ആയിരിക്കും- കാഫു പറഞ്ഞു.
28 ദിവസം നീണ്ടുനില്‍ക്കുന്ന ഫുട്ബോളിനപ്പുറവും ഖത്തര്‍ ലോകകപ്പ് മുന്നേറുമെന്ന ഉറപ്പാക്കുന്നതിനായുള്ള സുപ്രീംകമ്മിറ്റിയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടി. ജുസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജനറേഷന് അമൈസിങ്, ചലഞ്ച് 22 തുടങ്ങിയ പദ്ധതികള്‍ പരാമര്‍ശിച്ചു. ജുസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉള്‍പ്പടെ പ്രവര്‍ത്തനങ്ങളുമായി കാഫു സഹകരിച്ചു പ്രവര്‍ത്തിക്കും.
കാഫുവിനെ തങ്ങളുടെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഹസന് അല്‍തവാദി പറഞ്ഞു. സുപ്രീംകമ്മിറ്റിയുടെ ജനറേഷന് അമൈസിങുമായി കാഫു നേരത്തെതന്നെ സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന് അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കാഫു ചൂണ്ടിക്കാട്ടിയിരുന്നു.
സവിശേഷമായ പദ്ധതികളിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ജനറേഷന് അമൈസിങും തന്റെ കാഫു ഫൗ്ണ്ടേഷനും പ്രവര്‍ത്തിക്കുന്നത്. 2014ലെ ഫിഫ ലോകകപ്പിന്റെ സമയത്താണ് ജനറേഷന് അമൈസിങ് ആദ്യമായി കാഫുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ബ്രസീലിനായി ഏറ്റവുമധികം രാജ്യാന്തര മത്സരം കളിച്ചിട്ടുള്ള താരമാണ് കാഫു. 142 മത്സരങ്ങളിലാണ് അദ്ദേഹം ബ്രസീലിനായി രാജ്യാന്തര ജഴസിയണിഞ്ഞത്.