കോവിഡ് രഹിത ലോകകപ്പ് ഉറപ്പാക്കാന്‍ നടപടികളുമായി ഖത്തര്‍
ദോഹ: 2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്ന എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഖത്തര്‍. വാക്്‌സിനേഷന്‍ ദാതാക്കളുമായി ചര്‍ച്ച നടത്തുകയും സംസാരിക്കുകയും ചെയ്തുവരുന്നതായി ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച റെയ്‌സിന ഡയലോഗില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2022 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കാന്‍ കഴിയും. കോവിഡ് രഹിത ചാമ്പ്യന്‍ഷിപ്പായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് സാധിക്കും. ആഗോളതലത്തില്‍ മഹാമാരി കുറയുകയും അപ്രത്യക്ഷമാവുകയും ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.
കോവിഡ് മഹാമാരിക്കും ഒറ്റപ്പെടലിനും(ഐസൊലേഷന്‍) ശേഷം നടക്കുന്ന ആദ്യത്തെ സന്തോഷകരമായ സംഭവമെന്ന നിലയില്‍ ഖത്തര്‍ ലോകകപ്പ് ലോകത്തിന് മികച്ച അവസരമായിരിക്കും നല്‍കുക. സവിശേഷമായ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഖത്തര്‍ നന്നായി സജ്ജമായിട്ടുണ്ട്.
മഹാമാരി തുടരുന്നതിനിടയിലും ജനങ്ങള്‍ക്ക് പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്നവിധത്തില്‍ ശാരീരിക സാന്നിധ്യത്തോടെ വിജയകരമായ ലോകകപ്പിന് എങ്ങനെ ആതിഥേയത്വം വഹിക്കാനാകുമെന്നതിലാണ് ഖത്തര്‍ തുടക്കം മുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
ആഗോള സമൂഹം അഭിമുഖീകരിക്കുന്ന കോവിഡ് ഉള്‍പ്പടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു ബഹുമുഖ സമ്മേളനമാണ് റെയ്സീന ഡയലോഗ്. വ്യക്തിഗത സംഭാഷണങ്ങളും ഡിജിറ്റല്‍ ചര്‍ച്ചകളും ചെയ്യുന്ന ഉച്ചകോടി കോവിഡിന്റെ സാഹചര്യത്തില്‍ ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് ഈ വര്‍ഷം സംഘടിപ്പിച്ചിരിക്കുന്നത്. ദോഹ ഫോറത്തിന്റെ പങ്കാളികളിലൊരാളാണ് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍.