in

2022 ഫിഫ ലോകകപ്പ്: അതിഥികള്‍ക്ക് ഏറ്റവും മികച്ച താമസസൗകര്യം

190706_Al Wehda Training Site Aerials
190706_Al Wehda Training Site Aerials

ദോഹ: 2022 ഫിഫ ലോകകപ്പ് ആസ്വദിക്കാനെത്തുന്നവര്‍ക്കും അതിഥികള്‍ക്കും വിഐപികള്‍ക്കും ഉള്‍പ്പടെ മികച്ച താമസസൗകര്യം ലഭ്യമാക്കുന്നതിനായി ബൃഹദ് പദ്ധതികളാണ് ഖത്തര്‍ നടപ്പാക്കുന്നത്. അതിഥികള്‍ക്ക് ഏറ്റവും മികച്ച താമസാനുഭവം ഒരുക്കും.
ഖത്തരില്‍ നിര്‍മാണത്തിലിരിക്കുകയോ നിര്‍മാണം പൂര്‍ത്തീകരിക്കുകയോ ചെയ്ത പ്രശസ്തമായ പ്രാദേശിക, മേഖലാ, രാജ്യാന്തര ഹോട്ടല്‍ ഗ്രൂപ്പുകളെല്ലാം സവിശേഷമായ താമസസൗകര്യങ്ങളായിരിക്കും അതിഥികള്‍ക്ക് പ്രദാനം ചെയ്യുക. ഹില്‍ട്ടണ്‍ ഗ്രൂപ്പ്, മാരിയറ്റ്, മാന്‍ദരിന്‍ ഓറിയന്റല്‍, ടാജ് ഗ്രൂപ്പ്, അക്കോര്‍ ഹോട്ടല്‍സ്, ഹയാത്ത്, ലാന്‍ഗം, മില്ലനിയം ഹോട്ടല്‍സ്, റിതാജ് ഗ്രൂപ്പ്, മോണ്‍ഡ്രിയന്‍, കത്താറ ഹോസ്പിറ്റിലാറ്റി എന്നിവയെല്ലാം ലോകകപ്പിനെ വരവേല്‍ക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. ലോകകപ്പിന്റെ ഭാഗമാകുന്ന വിവിധ ഗ്രൂപ്പുകള്‍ക്ക് ഒരുക്കേണ്ടുന്ന താമസസൗകര്യങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഹോട്ടല്‍ ശൃംഖലകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫിഫ ഒഫീഷ്യല്‍സിനുള്ള താമസസൗകര്യം, പങ്കെടുക്കുന്ന ടീമുകള്‍ക്കുള്ള ടീം ബേസ് ക്യാമ്പ് ഹോട്ടലുകള്‍, റഫറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ് എന്നിവര്‍ക്കുള്ള താമസസൗകര്യങ്ങള്‍ എന്നിവയെല്ലാം സവിശേഷമായിരിക്കും.
ലോകകപ്പിനായി ഒരുക്കുന്ന സ്ഥിരം സംവിധാനങ്ങള്‍, താല്‍ക്കാലിക താമസസൗകര്യങ്ങള്‍, ടൂര്‍ണമെന്റിനു മുമ്പും ഉടനീളവും തൊഴില്‍ശക്തിയുടെ ആവശ്യകത എന്നീ കാര്യങ്ങളിലെല്ലാം സുപ്രീംകമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും എല്‍ഒസി, എസ്‌സി, ഫിഫ എന്നിവ ചൂണ്ടിക്കാട്ടുന്നു. മിഡില്‍ഈസ്റ്റിന്റെ സാഹോദര്യവും ആതിഥ്യവും പ്രതിഫലിപ്പിക്കാനുള്ള അവസരമാണിത്. 2022നായി ഖത്തറിലേത്തുന്ന ഏതൊരു കായിക ആരാധകനും വൈവിധ്യമാര്‍ന്ന സാധ്യതകള്‍ തെരഞ്ഞെടുക്കാന്‍ പര്യാപ്തമായ വിധത്തില്‍ നിരവധി കാര്യങ്ങള്‍ ഗവേഷണത്തിലൂടെ രൂപപ്പെടുത്തുന്നുണ്ട്.
ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഏതുവിധത്തിലുള്ള താമസസൗകര്യവും തെരഞ്ഞെടുക്കാനാകും. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ത്രീ സ്റ്റാര്‍ ഹോട്ടല്‍, ക്രൂയിസ് ഷിപ്പില്‍ റൂം, ബിദൂവന്‍ ശൈലിയിലുള്ള ടെന്റ് തുടങ്ങി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നൂതനമായ സാധ്യതകളായിരിക്കും ഖത്തര്‍ ലഭ്യമാക്കുക. ദോഹ തുറമുഖത്തില്‍ താല്‍ക്കാലിക ക്രൂസ് ഷിപ്പ് താമസസൗകര്യം, മരുഭൂമിയില്‍ വേറിട്ട രീതിയില്‍ ക്യാമ്പ്‌സൈറ്റുകള്‍, എയര്‍ബിന്‍ബി മാതൃകയില്‍ ഹ്രസ്വകാല താമസസൗകര്യം എന്നിവ ഖത്തര്‍ ലോകകപ്പിന്റെ സവിശേഷതകളായിരിക്കും.

ലുസൈലിലെ ഖതൈഫാന്‍ ദ്വീപില്‍ 16 ഒഴുകുന്ന ഹോട്ടലുകള്‍

ദോഹ: ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ പതിനാറ് ഒഴുകുന്ന ഹോട്ടലുകള്‍(ഫ്‌ളോട്ടിങ് ഹോട്ടലുകള്‍) സജ്ജമാക്കുന്നു. 2022ലെ ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് വിപുലമായ ആഡംബര പദ്ധതി നടപ്പാക്കുന്നത്. കടലിലൂടെ ഒഴുകുന്ന ഹോട്ടലുകള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ താമസാനുഭവമായിരിക്കും സമ്മാനിക്കുക.
ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഫാന്‍ വില്ലേജുകള്‍ക്കുള്ളില്‍തന്നെ താമസസൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സവിശേഷമായ രൂപകല്‍പ്പനയായിരിക്കും ഹോട്ടലുകളുടേത്. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുണ്ടായിരിക്കും. ഓരോ ഹോട്ടലിലും 101 അതിഥിറൂമുകളുണ്ടാകും.ഇതിനുപുറമെ റസ്റ്റോറന്റ്, ലോഞ്ച് ബാര്‍ എന്നിവയും ഉള്‍ക്കൊള്ളും. നാലുനിലകള്‍ വീതമുള്ള പതിനാറ് ഹോട്ടലുകളും സമാനമായ രൂകപല്‍പ്പനയിലുള്ളവയായിരിക്കും.
പതിനാറ് ഹോട്ടലുകളിലുമായി 1616 ഒഴുകുന്ന ഹോട്ടല്‍റൂമുകളാകും ഉണ്ടാകുക. കര്‍ശനമായ ഊര്‍ജ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഹോട്ടലുകളുടെ നിര്‍മാണം. മുഖ്യമായും സൗരോര്‍ജത്തെ ആശ്രയിച്ചായിരിക്കും പ്രവര്‍ത്തനം. ഫിന്നിഷ് ആര്‍ക്കിടെക്റ്റ് സ്ഥാപനമായ സിഗ് ആര്‍ക്കിടെക്റ്റ്‌സ് ആണ് ഹോട്ടലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താമസ ആവശ്യങ്ങള്‍ക്കുള്ള താല്‍ക്കാലിക പരിഹാരമായി ഫ്‌ളോട്ടിങ് റിയല്‍എസ്റ്റേറ്റ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഈ ഹോട്ടലുകള്‍ക്ക് വലിയ തുറമുഖങ്ങളും ആഴത്തിലുള്ള വെള്ളവും ആവശ്യമില്ല. കാരണം അവയുടെ ഡ്രാഫ്റ്റ് വലിയ ക്രൂയിസ് കപ്പലുകളേക്കാള്‍ വളരെ കുറവാണ്. ലോകകപ്പിന് ശേഷം കുറഞ്ഞത് നാലു മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള ഏത് തീരപ്രദേശത്തും ഹോട്ടലുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയും.

41 പരിശീലന മൈതാനങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്‌ബോളിനായുള്ള പരിശീലന മൈതാനങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കുന്നു. ഖത്തറിന്റെ പൈതൃക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിശീലനമൈതാനങ്ങള്‍.
ഖത്തര്‍ ലോക കപ്പിലെ ടീമുകളുടെ പരിശീലന കേന്ദ്രങ്ങളും താമസ സൗകര്യങ്ങളും അടുത്തടുത്തു തന്നെയായിരിക്കും.
ഇത്തരം ലക്ഷ്യത്തോടെയാണ് ടീം ബേസ് ക്യാമ്പുകള്‍(ടിബിസി) നിര്‍മിച്ചിരിക്കുന്നത്. ഓരോ ടീമിനുമായി സമര്‍പ്പിത പരിശീലന സൈറ്റുകളാണ് ഇവിടെയുള്ളത്. ഉനൈസ, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ദോഹ ഗോള്‍ഫ് ക്ലബ് എന്നിവിടങ്ങളിലെല്ലാം പരിശീലന മൈതാനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളോടെയാണ് ഇവ പൂര്‍ത്തിയാകുന്നത്.
ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കായി 41 പരിശീലന സൈറ്റുകളാണ് ഖത്തര്‍ നിര്‍മിക്കുന്നത്.
പരിശീലന മൈതാനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പുതന്നെ നടന്നുവരുന്നു.
നിരവധി ദേശീയ ടീമുകള്‍ ഇതിനോടകം ഈ പരിശീലന മൈതാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഫിഫ ലോകകപ്പിനുള്ള ഓരോ പരിശീലനസൗകര്യത്തിലും രണ്ടു ഫ്‌ളഡ്‌ലിറ്റ് അധിഷ്ടിത സ്വാഭാവിക പ്രകൃതിദത്ത പുല്ല് പിച്ചുകളുണ്ടാകും. അനുബന്ധ ടീം സൗകര്യങ്ങള്‍, ടീം പാര്‍ക്കിങ്, പൊതുപരിശീലന സെഷനുകളില്‍ കാഴ്ചക്കാര്‍ക്കുള്ള ഏരിയ, ഡ്രെസ്സിങ് റൂമുകള്‍, വാര്‍ത്താസമ്മേളന ഏരിയ, കാറ്ററിങ് ലോഞ്ച് ഏരിയ, മാധ്യമ സൗകര്യങ്ങള്‍, സംപ്രേഷണ സൗകര്യങ്ങള്‍ എന്നിവയുമുണ്ടാകും. പിച്ചുകള്‍ക്കിടയില്‍ അഞ്ചുമീറ്റര്‍ വിടവുമുണ്ടാകും. ഇത് കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ്. പരിശീലന സൈറ്റുകളിലെ പിച്ചുകള്‍ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ പിച്ചുകളോടു സാമ്യമുള്ളതാണ്.
പരിശീലന പിച്ചുകളുടെ ഉപരിതലം, പ്രൊഫൈല്‍, ജലസേചനം, ഡ്രെയിനേജ് സംവിധാനം എന്നിവയെല്ലാം ലോകകപ്പ് പിച്ചുകള്‍ക്ക് സമാനമാണ്.
ടൂര്‍ണമെന്റിന്റെ ദിവസത്തിലെ ഏതുസമയത്തും ഇവ ഉപയോഗിക്കാം.
സൈറ്റ് മുഴുവന്‍ തുല്യമായി പ്രകാശിപ്പിക്കുന്നതിന് ഫ്‌ളഡ്‌ലൈറ്റിങ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ടീം ബേസ് ക്യാമ്പുകളുടെ പ്രധാന കേന്ദ്രമാണ് പരിശീലനസൗകര്യങ്ങള്‍. ഖത്തര്‍ ദേശീയടീമിനുപുറമെ ചൈനീസ് തായ്‌പേയി, ഇറാന്‍, ഫലസ്തീന്‍, കസാകിസ്താന്‍, ഖത്തര്‍ റഗ്ബി ഫെഡറേഷന്‍, അല്‍ഫുഹൂദ് സ്‌പോര്‍ട്‌സ് അക്കാഡമി ഒമാന്‍, വിവിധ രാജ്യാന്തര ടീമുകള്‍ എന്നിവ ഇതിനോടകം പരിശീലന പിച്ചുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ 410 പേര്‍ക്കു കൂടി കോവിഡ്, ഇന്ന് 426 പേര്‍ക്ക് രോഗം മാറി

ക്യുആര്‍സിഎസിന്റെ അദാഹി പദ്ധതി; 1.20ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം