
ദോഹ: 2022ലെ വേള്‍ഡ് അസോസിയേഷന്‍ ഓഫ് സ്‌പോര്‍ട് മാനേജ്‌മെന്റ്(ഡബ്ല്യുഎഎസ്എം) കോണ്‍ഗ്രസിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഇതാദ്യമായാണ് കോണ്‍ഗ്രസ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഖത്തര്‍ യൂണിവേഴ്‌സിറ്റിയും ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയും(എച്ച്ബികെയു) സംയുക്തമായി നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ വേദി ഖത്തറിന് ലഭിച്ചത്. വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍, അധ്യാപനം, ഗവേഷണം എന്നിവയില്‍ ക്രോസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയും ഖത്തര്‍ ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായിക്കൂടിയാണ് രണ്ടു പ്രസ്ഥാനങ്ങളും സംയുക്തമായി ബിഡ് സമര്‍പ്പിച്ചത്. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി), സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ജുസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ കീഴിലുള്ള ഖത്തര്‍ ഒളിമ്പിക് അക്കാദമി എന്നിവയും ഖത്തറിന്റെ ബിഡിനെ പിന്തുണച്ചിരുന്നു. 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പിനിടെ ഖത്തറിനെ സംബന്ധിച്ചിടത്തോളം മറ്റൊരു നാഴികക്കല്ലാണ് ഈ കോണ്‍ഗ്രസ്. തായ്‌വാനിലെ അലേതിയ യൂണിവേഴ്‌സിറ്റിയില്‍ 2012 ഏപ്രില്‍ 27നാണ് ഡബ്ല്യുഎഎസ്എം ഔദ്യോഗികമായി സ്ഥാപിതമാകുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തത്. അവസാന വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്ട് മാനേജ്മെന്റ് കോണ്‍ഫറന്‍സ് കഴിഞ്ഞവര്‍ഷം ചിലിയിലെ സാന്റിയാഗോയിലെ യൂണിവേഴ്സിഡാഡ് സാന്റോ തോമാസില്‍ വെച്ചായിരുന്നു നടന്നത്. 40 രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രതിനിധികളാണ് കോണ്‍ഗ്രസില്‍ പങ്കെടുത്തത്.
2022 ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് അടുത്തറിയാനുള്ള അവസരം കൂടിയാണ് കോണ്‍ഗ്രസ് ആതിഥേയത്വം.