in ,

ഖത്തര്‍ സംസ്‌കാരവും പൈതൃകവും ലോക കായിക പ്രേമികളിലേക്ക്; : 2022 ലോക കപ്പ് സംഘാടക സമിതിയും ഖത്തര്‍ മ്യൂസിയംസും ധാരണാപത്രം ഒപ്പുവെച്ചു

ഫിഫ ലോക കപ്പ് ഖത്തര്‍ 2022 എല്‍ എല്‍ സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതിറും ഖത്തര്‍ മ്യൂസിയംസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഹ്്മദ് മൂസ അല്‍നംലയും ധാരണാപത്രം കൈമാറിയപ്പോള്‍.

സ്‌പോര്‍ട്‌സ് മ്യൂസിയം, പ്രദര്‍ശനങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവ സംയുക്ത സംരഭങ്ങളാവും

-ത്രീ-ടു-വണ്‍ ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം സംയുക്ത പദ്ധതിയിലൊന്ന്

ദോഹ: ചരിത്രത്തില്‍ അടയാളപ്പെടുന്ന മഹത്തായ കായിക മാമാങ്കമായി  ഖത്തറിലെ 2022 ഫിഫ ലോകകപ്പ് മാറ്റാന്‍ ലക്ഷ്യമിടുന്ന ലോക കപ്പ് സംഘാടക സമിതി വിവിധ പദ്ധതികളില്‍ സഹകരിക്കാന്‍ ഖത്തര്‍ മ്യൂസിയംസുമായി ധാരണയിലെത്തി.

ലോക കപ്പിനോടനുബന്ധിച്ച് നടത്താനുദ്ദേശിക്കുന്ന വിവിധ എക്‌സിബിഷനുകള്‍, പരിപാടികള്‍, പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സംവിധാനങ്ങള്‍, ശില്‍പ്പശാല, സമ്മേളനങ്ങള്‍ എന്നിവയിലും പ്രത്യേക സ്‌പോര്‍ട്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിലുമാണ് ഖത്തര്‍ മ്യൂസിയംസുമായി സഹകരിച്ച് പദ്ധതികളും പരിപാടികളുമാവിഷ്‌കരിക്കുകയെന്ന് ദി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ്.സി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ധാരണാ പത്രം കൈമാറിയ ശേഷം നാസര്‍ അല്‍ഖാതിറിന് മ്യൂസിയം സൗകര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന അഹ്്മദ് മൂസ.

ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഫിഫ ലോക കപ്പ് ഖത്തര്‍ 2022 എല്‍.എല്‍.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതിറും ഖത്തര്‍ മ്യൂസിയംസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഹ്്മദ് മൂസ അല്‍നംലയും ഒപ്പിട്ടു. ഖത്തര്‍ ലോക കപ്പ് 2022 വിജയകരമാക്കാന്‍ ഖത്തര്‍ മ്യൂസിയംസുമായി ചേര്‍ന്ന് ഒരുമിച്ചു പദ്ധതികളാവിഷ്‌കരിക്കുമെന്നും ഏറ്റവും മികച്ച ലോകകപ്പാക്കി മാറ്റുന്നതില്‍ മ്യൂസിയംസിന്റെ പങ്ക് ഏറെ വിലപ്പെട്ടതാണെന്നും ഫിഫ ലോക കപ്പ് ഖത്തര്‍ 2022 എല്‍ എല്‍ സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. അറബ് സംസ്‌കാരവും പൈതൃകവും ലോക സമൂഹത്തിന് മുമ്പില്‍ ഏതൊക്കെ തരത്തില്‍ ആകര്‍ഷകമായി അവതരിപ്പിക്കാനാവുമെന്നതില്‍ മ്യൂസിയംസ് അഥോറിറ്റി കൃത്യമായ പദ്ധതികളാവിഷ്‌കരിക്കുമെന്നതില്‍ സംശയമില്ല. സുപ്രധാനമായ ആ നാഴികകല്ല് താണ്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ഒരുമിച്ച് പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

ലോക കളിയാരാധകരെ ഖത്തറിന്റേയും അറബ് ലോകത്തിന്റേയും സാംസ്‌കാരിക ഔന്നിത്യം ബോധ്യപ്പെടുത്താനാവും വിധം തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ഖത്തര്‍ ലോക കപ്പ് 2022 അവിസ്മരണീയ അനുഭവമാക്കാന്‍ ലോക കപ്പ് സംഘാടക സമിതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ അങ്ങേയറ്റം ആഹ്ലാദമുണ്ടെന്നും ഖത്തര്‍ മ്യൂസിയംസ് സി ഇ ഒ അഹ്മദ് മൂസ്സ അല്‍നംല പറഞ്ഞു.

പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും സമ്മേളനങ്ങളും ശില്‍പ്പശാലകളുമെല്ലാം അതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുമെന്നും വിജ്ഞാനവും വൈദഗദ്ധ്യവും പരസ്പരം പങ്കിട്ടായിരിക്കും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഖത്തര്‍ മ്യൂസിയംസും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.  വിദ്യാഭ്യാസ, സാമൂഹിക, കായിക, ആരോഗ്യ മാനങ്ങളുള്ള പല വിഷയങ്ങള്‍ സമന്വയിപ്പിച്ചുമുള്ള ഉള്ളടക്കങ്ങള്‍ തീരുമാനിക്കുന്നതിലും പരസ്പരം കൂടിയാലോചിക്കും.

സാംസ്‌കാരിക വിനോദ പരിപാടികളും ഇതിന്റെ ഭാഗമാണ്. ത്രീ-ടു-വണ്‍ ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം ഈ സഹകരണത്തിന്റെ ഭാഗമായുള്ള ഒരു പദ്ധതിയാണ്. ഖത്തര്‍ 2022 ലോക കപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ പ്രധാനപ്പെട്ടതായ ഖലീഫാ അന്തര്‍ദേശീയ സ്റ്റേഡിയത്തിനടുത്തായിട്ടാണ് ത്രീ-ടു-വണ്‍ ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ആരോഗ്യമന്ത്രി ലോക ഹെല്‍ത്ത് അസംബ്ലി ഉപാധ്യക്ഷയായി തെരെഞ്ഞെടുക്കപ്പെട്ടു

ഖത്തറില്‍ കോവിഡ് കുറഞ്ഞുവരുന്നു; അല്‍വഖ്‌റ, റാസ്‌ലഫാന്‍ ആശുപത്രികളിലെ അവസാന രോഗിയും ആശുപത്രി വിട്ടു