ദോഹ: ഊരിദൂ വാർഷിക മാരത്തണിന്റെ പതിമൂന്നാം പതിപ്പിൽ പങ്കെടുത്തത് 8,000 പേർ. ഈ വർഷം ദോഹ മാരത്തൺ എന്ന് പുനർനാമകരണം ചെയ്ത ഓട്ട മത്സരം കഴിഞ്ഞ ദിവസം ദോഹ കോർണിഷിൽ ആണ് അരങ്ങേറിയത്.
കുട്ടികളുടെ ഒരു കിലോമീറ്റർ ഓട്ടം മുതൽ ഫുൾ മാരത്തൺ വരെയുള്ള വിവിധ ദൂര വിഭാഗങ്ങളിൽ ഓട്ടക്കാർ പങ്കെടുത്തു.പുരുഷന്മാരു ടെ മാരത്തണിൽ മൊറോക്കോയുടെ മുഹ്സിൻ ഔട്ടാൽഹ വിജയം വരിച്ചു. 2:06:49 സമയത്തിലാണ് ഫിനിഷിംഗ് ലൈൻ മറികടന്നത്. കെനിയൻ സ്വദേശി ഗെവിൻ കെറിച്ച് 2:06:52 സമയം താണ്ടി രണ്ടാം സ്ഥാനത്തെത്തി.
കെനിയയുടെ വിക്ടർ കിപ്ചിർചിറും എത്യോപ്യക്കാരൻ അദനെ കെബെഡെയും 2:06:54 സമയത്തിനുള്ളിൽ ഓടിയെത്തി മൂന്നാം സ്ഥാനത്തെത്തി.
വനിതകളുടെ മാരത്തണിൽ എത്യോപ്യക്കാരിയായ മെസെറെറ്റ് ബെലെറ്റ് 2:20:45 സെക്കൻഡിൽ ഒന്നാമതെത്തി.
ഓപ്പൺ മാരത്തൺ പുരുഷന്മാരുടെ വിഭാഗത്തിൽ 2:23:02 സമയത്തിൽ ബ്രിട്ടൻ സ്വദേശി മൈക്കൽ കാലെൻബെർഗർ ജേതാവായി. അമേരിക്കൻ സ്വദേശിനി അബിഗെയ്ൽ സെംബർ 3:04:00 സമയത്തിനുള്ളിൽ വനിതകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാരത്തൺ വിഭാഗത്തിൽ 2:23:02 സമയത്തിൽ ബ്രിട്ടൻ സ്വദേശി മൈക്കൽ കാലെൻബെർഗർ ജേതാവായി. പുരുഷന്മാരുടെ ഹാഫ് മാരത്തണിൽ മൊറോക്കോയുടെ അനൗവർ എൽഗൗസ് 1:03:23 സമയത്തിൽ വിജയിച്ചു. വനിതകളുടെ ഹാഫ് മാരത്തണിൽ ഉക്രേനിയൻ ടെറ്റിയാന പിഡോയ്ന 1:08:53 മിനിറ്റിൽ വിജയിച്ചു.
ഖത്തറികൾക്കായി നടത്തിയ മത്സരത്തിൽ പുരുഷന്മാരുടെ വിഭാഗത്തിൽ മാരത്തണിൽ അബ്ദുല്ല ഫഹദ് അൽസറ ജേതാവായി. 2:48:21 സമയത്തിനുള്ളിലാണ് ഓടിയെത്തിയത്. വനിതകളുടെ മാരത്തണിൽ റബാഹ് അൽമുസ്ലേഹ് 3:50:55 സമയത്തിൽ ഒന്നാമതെത്തി.
തങ്ങളുടെ വാർഷിക മാരത്തൺ അതിശയകരമായ വിജയമായിരുന്നുവെന്നും ലോകത്തിലെ മുൻനിര ഓട്ടക്കാരെ ആകർഷിച്ചു എന്നതിൽ സന്തോഷമുണ്ടെന്നും ഊരിദൂ ഖത്തർ സി.ഇ.ഒ ശെയ്ഖ് അലി ബിൻ ജാബിർ അൽതാനി പറഞ്ഞു. ദോഹയുടെ കായിക കലണ്ടറിൽ ശ്രദ്ധേയമായ ഒരു മാരത്തൺ കൂടി സംഘടിപ്പിച്ചതിനു ഊരീദുവിന് നന്ദി അറിയിക്കുന്നതായി ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ഈസ അൽ ഫദാലയും വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളിലുമായി മൊത്തം ഒരു മില്യൺ ഖത്തർ റിയാലിന്റെ സമ്മാനങ്ങളാണ് നൽകിയത്. ഖത്തർ ഓട്ടോ കമ്പനി 5 കിലോമീറ്റർ വിഭാഗത്തിലും അതിനു മുകളിലും ഓട്ടം പൂർത്തിയാക്കിയ എല്ലാവരിൽ നിന്നും നറുക്കെടുത്ത ഭാഗ്യശാലികൾക്ക് ഒരു ഫോക്സ്വാഗൺ ടി-റോക്ക് കാർ സമ്മാനമായി നൽകും. ഷെയ്ഖ് അലി ബിൻ ജാബിർ അൽതാനി മാരത്താൺ ഉൽഘടനം ചെയ്തു. ക്യു.എ.എഫ് പ്രസിഡന്റ് മുഹമ്മദ് ഇസ അൽഫദാല, ഊരീദൂ പി.ആർ ഡയറക്ടർ സബാഹ് റാബിയ അൽകുവാരി സമ്മാനങ്ങൾ കൈമാറി.