
ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തര്‍ നടപടികള്‍ ഊര്‍ജിതമാക്കി. നേരത്തെ ബിഡ് ഔദ്യോഗികമായി നല്‍കിയതിന്റെ പുറമെ കഴിഞ്ഞദിവസം നിയമപരമായ രേഖകളും സമര്‍പ്പിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്.
2022 ല്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് 2027 എഎഫ്സി ഏഷ്യന്‍ കപ്പിന്റെ വേദിക്കായും ഖത്തര്‍ ശ്രമങ്ങള്‍ ശക്തമാക്കിയത്. ലോകോത്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വേദിയൊരുക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ കായിക കേന്ദ്രമായി മാറുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന അംഗ രാജ്യങ്ങളില്‍നിന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) ബിഡ് ഫയലുകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ ഫയലും രേഖകളുമാണ് ഖത്തര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26ന് മലേഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഫഹദ് ബിന് മുഹമ്മദ് കഫൂദ് ക്യുഎഫ്എക്കുവേണ്ടി ഫയലിന്റെ ആദ്യ ഭാഗം സമര്‍പ്പിച്ചിരുന്നു.
ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള എല്ലാ ആവശ്യകതകളും നിറവേറ്റാനാകുമെന്ന് ഖത്തര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഭൂഖണ്ഡാന്തര, ആഗോള തലങ്ങളില്‍ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ടൂര്‍ണമെന്റുകളുടെ വിജയം, സമീപഭാവിയില്‍ ആതിഥേയത്വം വഹിക്കുന്ന ആഗോള ചാമ്പ്യന്‍ഷിപ്പുകളുടെ തയാറെടുപ്പുകള്‍ എന്നിവയെല്ലാം ഫയലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏഷ്യന്‍ കപ്പിന്റെ 19-ാം പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ സജ്ജമാണെന്ന് ക്യുഎഫ്എ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി പറഞ്ഞു. 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ നടത്തുന്ന നിക്ഷേപം ഭാവിയിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യവും ഖത്തറിന്റെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.
പ്രധാന കായിക ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ വലിയ ആഗ്രഹം സ്ഥിരീകരിക്കുന്നതാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിനു പുറമെ ഇന്ത്യ, ഇറാന്‍, സഊദി അറേബ്യ, ഉസ്ബക്കിസ്താന്‍ രാജ്യങ്ങളും ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്.
എല്ലാവരുടെയും രേഖകളും ഫയലുകളും വിശദമായി പഠിച്ച് വിലയിരുത്തിയശേഷം 2021ല്‍ 19-ാമത് ഏഷ്യന്‍കപ്പിനുള്ള ആതിഥേയ രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുമുമ്പ് 1988, 2011 വര്‍ഷങ്ങളിലാണ് ഖത്തര്‍ ഏഷ്യന്‍കപ്പിന് ആതിഥേയത്വം വഹിച്ചത്.