
ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസ് വേദിക്കായി മത്സരരംഗത്തുള്ള ഖത്തര്‍ ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്ക്(ഒസിഎ) സ്ഥാനാര്‍ഥിത്വ ഫയല്‍ സമര്‍പ്പിച്ചു. ഏഷ്യയുടെ നിശ്ചയ ദാര്‍ഢ്യത്തിലേക്കും പൈതൃകത്തിലേക്കും പ്രവേശനം വാഗ്ദാനം ചെയ്യുന്നതാണ് ഖത്തറിന്റെ ഫയല്‍ .രാജ്യത്തിന്റെ ബിഡിന്റെ പ്രചോദനാത്മകവും സുസ്ഥിരവുമായ പദ്ധതി ഫയലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദോഹ 2030 ഖത്തറിനെ സംബന്ധിച്ചിടത്തോളം ദേശീയ മുന്‍ഗണനയാണ്.
കൂടാതെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിന്തുണയുമുണ്ട്. 2030 ഏഷ്യന്‍ ഗെയിംസിനായി എല്ലാ സ്ഥിരം കായികവേദികളും ഖത്തറില്‍ ഇതിനോടകം സ്ഥാപിക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥിത്വ ഫയല്‍ ഒസിഎക്ക് സമര്‍പ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ദോഹ 2030ന്റെയും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെയും പ്രസിഡന്റായ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
ലോകോത്തരവും സുസ്ഥിരവുമായ ഗെയിംസ്് സംഘടിപ്പിക്കുന്നതിലൂടെ ഒസിഎയെയും ഏഷ്യയെയും സേവിക്കാന്‍ ദോഹ എങ്ങനെ സജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് ഖത്തറിന്റെ ഫയല്‍. നേരത്തെ 2030 ഏഷ്യന്‍ ഗെയിംസിനായി ആകര്‍ഷകമായ ലോഗോയും മുദ്രാവാക്യവും ഖത്തര്‍ പ്രകാശനം ചെയ്തിരുന്നു. ഖത്തറിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നതും ഏഷ്യക്ക് എന്നെന്നും നിലനില്ക്കുന്നതും ഓര്മിക്കത്തക്കതുമായ മാന്ത്രിക ഗെയിമിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതുമാണ് ലോഗോ. നിങ്ങളുടെ പ്രവേശനകവാടം(യുവര്‍ ഗേറ്റ് വേ) എന്നതാണ് മുദ്രാവാക്യം.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ മാത്രം 500 ലധികം അന്താരാഷ്ട്ര കായിക മത്സരങ്ങള്‍, സമ്മേളനങ്ങള്‍, പരിശീലന ക്യാമ്പുകള്‍ എന്നിവക്കാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ചത്. ഐഎഎഎഫ് 2019 വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്, ഫിഫ 2022 ലോകകപ്പ് ആതിഥേയത്വം എന്നിവയെല്ലാം രാജ്യത്തിന്റെ നേട്ടങ്ങളാണ്. പ്രധാന ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കും കായികമത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിനായുള്ള രാജ്യത്തിന്റെ താല്പര്യത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് ഈ തീരുമാനം. ഇതിനു മുമ്പ് 2006ല്‍ 15-ാമത് ഏഷ്യന്‍ ഗെയിംസിന് ദോഹ ആതിഥേയത്വം വഹിച്ചിരുന്നു. ഖത്തറിന്റെ കായിക ചരിത്രത്തിലെതന്നെ സുപ്രധാന നാഴികക്കല്ലായിരുന്നു ആ ഏഷ്യന്‍ ഗെയിംസ്.