
ആര്.റിന്‍സ് /ദോഹ:
2030ലെ ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വം ദോഹക്കോ റിയാദിനോ എന്ന് ഇന്നറിയാം. ആതിഥേയനഗരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ(ഒസിഎ) നിര്‍ണായക പൊതുയോഗം ഇന്ന് മസ്കത്തിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നടക്കും. 39-ാമത് ജനറല്‍ അസംബ്ലിയും അനുബന്ധ യോഗങ്ങളിലും പങ്കെടുക്കാന്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള ടീം ഒമാനിലെത്തിയിട്ടുണ്ട്. 2030 ലെ ഏഷ്യന്‍ ഗെയിംസിന്റെ ആതിഥേയരെ തെരഞ്ഞെടുക്കുന്നതില്‍ ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ വോട്ടെടുപ്പും ഇന്ന് നടക്കും. ഒമാനില്‍ ഇതാദ്യമായാണ് ജനറല്‍ അസംബ്ലി യോഗം ചേരുന്നതെന്ന പ്രത്യേകതയുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രതിനിധികളുടെയും പ്രധാനപ്പെട്ട കായിക താരങ്ങളുടെയും പങ്കാളിത്തമുണ്ടാകും.
ഏഷ്യന്‍ ഗെയിംസ് വേദിക്കായി ദോഹയും റിയാദുമാണ് മത്സരരംഗത്തുള്ളത്. ഇരുനഗരങ്ങളുടെയും ബിഡിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഖത്തറിന്റെ തയാറെടുപ്പുകളെയും സൗകര്യങ്ങളെയും ഒസിഎ പ്രശംസിച്ചിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കി ആതിഥേയനഗരം തെരഞ്ഞെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ഏഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ് അഹ്മദ് അല്‍ ഫഹദ് അല്‍ സബാഹ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്നലെ രാത്രി ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ അദ്ദേഹം നടത്തി. ഒത്തുതീര്‍പ്പ് ഫലവത്തായില്ലെങ്കില്‍ മാത്രമായിരിക്കും ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ടു മികച്ച മത്സര നഗരങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ശൈഖ് അഹമ്മദ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നലെ ഉച്ചക്കുശേഷം ചേര്‍ന്ന ഒസിഎയുടെ 74-ാമത് എക്സിക്യുട്ടീവ് ബോര്‍ഡ് യോഗത്തില്‍ വേദി തീരുമാനിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ ഖത്തറിന്റെയും സഊദി അറേബ്യയുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഒസിഎ പ്രസിഡന്റിനെ എക്സിക്യുട്ടീവ് ബോര്‍ഡ് യോഗം ചുമതലപ്പെടുത്തി. 32 ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രതിനിധികളാണ് 39-ാമത് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ മസ്കത്തിലെത്തിയത്.
13 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഓണ്‍ലൈനിലായിരിക്കും പങ്കെടുക്കുക. ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ മാത്രമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഏഷ്യന്‍ ഗെയിംസിനായുള്ള തയാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ഖത്തറും സഊദിയും അവതരിപ്പിക്കും. തുടര്‍ന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 43 അംഗരാജ്യങ്ങളും പങ്കെടുക്കും. വോട്ടെടുപ്പിന്റെ സാഹചര്യം ഒഴിവാക്കാന്‍ ശൈഖ് അഹമ്മദ് തന്റെ എല്ലാ നയതന്ത്ര വൈദഗ്ദ്ധ്യവും ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് അറിയുന്നത്. ഒരു നഗരത്തിന് 2030ലെ ഏഷ്യന്‍ ഗെയിംസും രണ്ടാമത്തെ നഗരത്തിന് 2034ലെ ഗെയിംസ് വേദിയും അനുവദിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പ് സാധ്യതകള്‍ ഉള്‍പ്പടെയാണ് തേടുന്നത്.
ഒസിഎയിലെ ഐക്യം ഉപയോഗപ്പെടുത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദോഹയും റിയാദും സന്ദര്‍ശിച്ചു. 2030ല്‍ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇരുരാജ്യങ്ങളും തയാറാണ്. അവര്‍ക്ക് വലിയ സാമ്പത്തിക സഹായവും മികച്ച കായിക സൗകര്യങ്ങളും സര്‍ക്കാറിന്റെ എല്ലാ തലങ്ങളില്‍ നിന്നും മികച്ച പിന്തുണയുമുണ്ട്. ഇരുകൂട്ടരോടും സംസാരിക്കുകയും ഒരു വിജയസാഹചര്യം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രമാണ് ഇന്നത്തെ വോട്ടെടുപ്പ്- ശൈഖ് അഹമ്മദ് വിശദീകരിച്ചു. റിയാദിലെ എഡ്ജ് ഓഫ് ദ വേള്‍ഡിനോട് ചേര്‍ന്നുള്ള തുവൈഖ് മലനിരകളിലും താഴെയുമായാണ് വേദികള്‍ സജ്ജീകരിക്കുന്നത്.ഖത്തറിലെ ദോഹയിലാണ് പ്രധാന വേദികളൊരുങ്ങുക.