
ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസിന് ദോഹ ആതിഥേയത്വം വഹിക്കും. ഇതു രണ്ടാംതവണയാണ് ഖത്തറിലേക്ക് ഏഷ്യന്‍ ഗെയിംസെത്തുന്നത്. നേരത്തെ 2006ലും ഗെയിംസിന് ദോഹ വേദിയായിരുന്നു. 2022ലെ ഫിഫ ലോകകപ്പിനും 2023ലെ ഫിന നീന്തല്‍ ലോകചാമ്പ്യന്‍ഷിപ്പിനും ശേഷം ഖത്തര്‍ ആതിഥ്യം വഹിക്കുന്ന വലിയ ആഗോള കായികചാമ്പ്യന്ഷിപ്പായിരിക്കും 2030 ഏഷ്യന്‍ ഗെയിംസ്. മസ്കത്തിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ(ഒസിഎ) നിര്‍ണായക പൊതുയോഗത്തിലാണ് 2030ലെ ഏഷ്യന്‍ ഗെയിംസ് വേദിയായി സഊദി തലസ്ഥാനമായ റിയാദിനെ മറികടന്ന് ദോഹയെ തെരഞ്ഞെടുത്തത്. 2034ലെ ഏഷ്യന്‍ ഗെയിംസ് റിയാദില്‍ നടക്കും. ഇതാദ്യമായാണ് റിയാദ് ഗെയിംസിന് വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. 2030ലെ വേദി നിര്‍ണയിക്കാനുള്ള വോട്ടെടുപ്പില്‍ 45 അംഗ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ ദോഹക്ക് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. ഒസിഎ ചെയര്മാന് ശൈഖ് അഹമ്മദ് ഫഹദ് അല്‍അഹമ്മദ് അല്‍സബാഹാണ് 2030ലെ ഗെയിംസ് വേദിയായി ദോഹയെ പ്രഖ്യാപിച്ചത്. 2022ലെ 19-ാമത് ഏഷ്യന്‍ ഗെയിംസ് കിഴക്കന്‍ ചൈനയിലെ ഹാങ്ഷുവിലും 2026ല്‍ 20-ാമത് ഗെയിംസ് ജപ്പാനിലുമാണ് നടക്കുക. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലായിരുന്നു ഖത്തറിന്റെ ബിഡ് കമ്മിറ്റി. വിഖ്യാത കായികതാരങ്ങളായ മുതാസ് ഇസ ബര്‍ഷിം, നദ അറഖ്ജി ഉള്‍പ്പടെയുള്ളവരും ബിഡ് കമ്മിറ്റിയുടെ ഭാഗമായിരുന്നു. ഏഷ്യന്‍ ഗെയിംസ് വേദിക്കായുള്ള ഖത്തറിന്റെ തയാറെടുപ്പുകളിലും ഒസിഎകളിലും വലിയ മതിപ്പ് പ്രകടിപ്പിച്ചിരുന്നു. വേദി തെരഞ്ഞെടുക്കുന്നതിനുളള വോട്ടെടുപ്പില്‍ 32 ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രതിനിധികള്‍ നേരിട്ടും 13 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഓണ്‍ലൈനിലും പങ്കെടുത്തു.