
ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസ് വേദിക്കായി ഖത്തറും രംഗത്ത്. ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വത്തിനായി ബിഡ് സമര്‍പ്പിക്കുന്നതിനുള്ള താല്പര്യം ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രഖ്യാപിച്ചു. 2030ല്‍ 21-ാമത് ഏഷ്യന്‍ ഗെയിംസിനായുള്ള ബിഡിങ് നടപടിക്രമങ്ങളില്‍ ഖത്തറും പങ്കെടുക്കും. പ്രധാന ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കും കായികമത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിനായുള്ള രാജ്യ താത്പര്യപ്രകാരമാണിത്. ഇതിനു മുമ്പ് 2006ല്‍ 15-ാമത് ഏഷ്യന്‍ ഗെയിംസിന് ദോഹ ആതിഥേയത്വം വഹിച്ചിരുന്നു. ഖത്തറിന്റെ കായിക ചരിത്രത്തിലെതന്നെ സുപ്രധാന നാഴികക്കല്ലായിരുന്നു ആ ഏഷ്യന്‍ ഗെയിംസ്.
അനുഭവ സമ്പത്തുള്ള നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുടെ വെളിച്ചത്തില്‍ ഏഷ്യന്‍ഗെയിംസിന്റെ 21-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി ബിഡില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതായി ക്യുഒസി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. 2006ല്‍ ഖത്തര്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ചത് ബഹുമതിയായിരുന്നു. ഏഷ്യയെ മുഴുവന്‍ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി വീണ്ടും ആതിഥേയത്വം വഹിക്കാനുള്ള സമയമായി എന്ന് ഖത്തര്‍ വിശ്വസിക്കുന്നു- ശൈഖ് ജുആന്‍ പറഞ്ഞു. 2006ലേതില്‍ നിന്നും ദോഹ ഇപ്പോള്‍ വ്യത്യസ്തമാണ്. 2030 ആകുമ്പോഴേക്കും കൂടുതല്‍ വികസിക്കും. 21-ാം പതിപ്പ് ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് സംഘടിപ്പിക്കാനാകുമെന്ന് അത്ലറ്റുകള്, ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍, ആസ്വാദകര്‍, പങ്കാളികള്‍ എന്നിവരോടായി ശൈഖ് ജുആന്‍ പറഞ്ഞു. വിവിധ മത്സരഇനങ്ങളുടെ നിരവധി പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിന് രാജ്യത്തിന് മികച്ച അനുഭവങ്ങളാണുള്ളത്. ഏഷ്യന്‍ ഗെയിംസിന്െ സവിശേഷ പതിപ്പിന് ആതിഥ്യം വഹിക്കുന്നതിനായി ഉന്നത നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും ഖത്തറിലുണ്ടെന്ന് ശൈഖ് ജുആന്‍ പറഞ്ഞു.