in

മാര്‍ച്ചില്‍ തുറമുഖങ്ങളിലെത്തിയത് 225 കപ്പലുകള്‍, ജനറല്‍ കാര്‍ഗോയില്‍ 53% വര്‍ധന

ദോഹ: ആഗോളതലത്തില്‍ കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മാര്‍ച്ചില്‍ ഖത്തറിലെ തുറമുഖങ്ങള്‍ മുഖേനയുള്ള ചരക്കുനീക്കത്തില്‍ വര്‍ധന. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും തുറമുഖങ്ങള്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചു. ഈ വര്‍ഷം ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത ജനറല്‍ കാര്‍ഗോയില്‍ 53ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
ഹമദ് തുറമുഖം, ദോഹ തുറമുറം, റുവൈസ് തുറമുഖം എന്നിവ മുഖേനയാണ് ഇത്രയധികം ജനറല്‍ കാര്‍ഗോ കൈകാര്യം ചെയ്തത്. 1,12,730 ടിഇയു കണ്ടെയ്‌നറുകള്‍, 1,31,472 ടണ്‍ ജനറല്‍ കാര്‍ഗോ, 59,601 കന്നുകാലികള്‍, 41,554 ടണ്‍ കെട്ടിടനിര്‍മാണ വസ്തുക്കള്‍, 6,088 യൂണിറ്റ് വാഹനങ്ങള്‍ തുടങ്ങിയവയാണ് മാര്‍ച്ചില്‍ തുറമുഖങ്ങള്‍ മുഖേന ഇറക്കുമതി ചെയ്തത്. ഈ ഫെബ്രുവരിയില്‍ 85,916 ടണ്‍ ജനറല്‍ കാര്‍ഗോയും 5,750 യൂണിറ്റ് വാഹനങ്ങളും, 85,643 കന്നുകാലികളുമാണ് ഇറക്കുമതി ചെയ്തിരുന്നത്. മാര്‍ച്ചില്‍ ആകെ 225 കപ്പലുകളാണ് മൂന്നു തുറമുഖങ്ങളിലുമായി എത്തിയത്. ഖത്തര്‍ തുറമുഖ പരിപാലന കമ്പനിയായ മവാനി ഖത്തറാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാജ്യത്തിന്റെ തുറമുഖങ്ങളും ഷിപ്പിംഗ് ടെര്‍മിനലുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം മവാനി ഖത്തറിനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ തുറമുഖങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി മവാനി ഖത്തര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തുറമുഖങ്ങളില്‍ കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് മവാനി ഖത്തര്‍ നിരവധി പ്രവര്‍ത്തനങ്ങളും കര്‍മ്മപദ്ധതികളുമാണ് നടപ്പാക്കിയിരിക്കുന്നത്. ഇത് തൊഴിലാളികളെ സുരക്ഷിതമായി നിലനിര്‍ത്തുക മാത്രമല്ല രാജ്യത്തേക്ക് ഉത്പന്നങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുകയും ചെയ്യും. കണ്ടെയ്‌നറുകള്‍ ശുചീകരിക്കല്‍, തൊഴിലാളികളുടെ ശരീരോഷ്മാവ് അളക്കുന്നതിനായി താപ ക്യാമറകള്‍ സ്ഥാപിക്കല്‍, കോവിഡ്-19 വെളിപ്പെടുത്തല്‍ സമര്‍പ്പിക്കല്‍, വൈറസിന്റെ വ്യാപനം എങ്ങനെ പരിമിതപ്പെടുത്താമെന്ന് തുറമുഖത്തെ തൊഴിലാളികളെ ബോധവല്‍ക്കരിക്കല്‍ തുടങ്ങിയ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും കപ്പലിന്റെ ജീവനക്കാരുമായി നേരിട്ട് സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലും ലക്ഷണങ്ങളോ സംശയങ്ങളോ റിപ്പോര്‍ട്ട് ചെയ്താല്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കപ്പല്‍ നങ്കൂരമിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ടെയ്‌നറുകള്‍ ലോഡിങ്, അണ്‍ലോഡിങ് പ്രക്രിയ്യയിലും വിതരണത്തിനു മുന്‍പും കണ്ടെയ്‌നറുകള്‍ വൃത്തിയാക്കുന്നുണ്ടെന്നും മവാനി ഖത്തര്‍ പറഞ്ഞു. സമുദ്രമേഖല സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. കോവിഡ് 19 വെളിപ്പെടുത്തലും ഐഎംഒ അംഗീകൃത മെഡിക്കല്‍ പ്രഖ്യാപനവും സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ കപ്പല്‍ ഏജന്റുമാരെയും ജനുവരിയില്‍ തന്നെ അറിയിച്ചിരുന്നു. കപ്പലുകള്‍ സമര്‍പ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറും. കപ്പലിലെ ജീവനക്കാരുടെ എണ്ണം, അവസാനം സന്ദര്‍ശിച്ച പത്ത് തുറമുഖങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളെല്ലാം ഈ പ്രഖ്യാപനത്തിലുണ്ടാകും.
ഫെബ്രുവരിയില്‍ ദോഹ തുറമുഖത്തില്‍ യാത്രക്കാരെ പരിശോധിക്കുന്നതിനായി താപ ക്യാമറകള്‍ സ്ഥാപിച്ചു. മാര്‍ച്ചില്‍ എല്ലാ പായ്ക്കപ്പലുകളും ക്രൂയിസ് കപ്പലുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം എങ്ങനെ പരിമിതപ്പെടുത്താമെന്ന് തൊഴിലാളികളെ ബോധവാന്മാരാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പ്രതിരോധം: ആഭ്യന്തരമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ കാമ്പയിന്‍

ഖത്തറില്‍ ഇസ്‌ലാമിക് ബാങ്കിങ് സംവിധാനം വളര്‍ച്ചയുടെ പാതയില്‍