
- വിദേശത്തു നിന്ന് തിരിച്ചെത്തിയവര്‍ 39;
- 214 പേര് രോഗമുക്തി നേടി
ദോഹ: ഖത്തറില്‍ ഇന്നലെ 230 പുതിയ കോവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവരില്‍ 191 പേർ രാജ്യത്തുള്ളവരും 39 പേര് വിദേശത്തു നിന്ന് തിരിച്ചെത്തിയവരുമാണ്. 24 മണിക്കൂറിനിടെ 214 പേര് കോവിഡ് മുക്തരായെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 1,31,490 ആയി.
കോവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തുള്ളവരെയും വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരെയും ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി ആവശ്യമായ പരിചരണം ലഭ്യമാക്കുന്നുണ്ട്.
24 മണിക്കൂറിനിടെ 11136 സാംപിളുകള്‍ പരിശോധിച്ചതിൽ 5288 പേര് ആദ്യമായി കോവിഡ് പരിശോധനയ്ക്കു വിധേയമാവുകയായിരുന്നു. രാജ്യത്ത് ഇതുവരെ 1,021,116 സാംപിളുകള്‍ പരിശോധിച്ചു. പത്തു ദിവസത്തിനകം രാജ്യത്ത് കോവിഡ് മരണങ്ങള് റിപ്പോര്‍ട്ടു ചെയ്യപ്പെടാത്തത് പൊതുവെ ആശ്വാസം പകരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേരെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചതോടെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 294 ആയി. ആരോഗ്യ പ്രശ്നം കാരണം നാലു പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. ആകെ 41 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടുന്നുണ്ട്.
ഖത്തറിലിതു വരെ 1,34,433 പേരാണ് കോവിഡ് പൊസിറ്റീവ് ആയി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതില്‍ 2711 കേസുകളാണ് നിലവിൽ ചികിത്സയിലുള്ളത്. കൊറോണ വൈറസ് ബാധിച്ച് ഇതിനകം ഖത്തറിൽ മരണപ്പെട്ടത് 232 പേരാണ്.
കോവിഡ് 19 നിയന്ത്രണങ്ങള്‍ ക്രമേണ ഒഴിവാക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം തടയുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശാരീരിക അകലം പാലിച്ചും കൈകള്‍ ഇടവിട്ട് കഴുകിയും മാസ്ക് ധരിച്ചും തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതെയും വ്യക്തിപരമായ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.