
- വിദേശങ്ങളില്‍നിന്നെത്തിയ 40 പേര്‍ക്ക് രോഗം
- 212 പേര് കൂടി രോഗമുക്തരായി
- 2786 പേര് ചികിത്സയില്‍, 394 പേര് ആസ്പത്രിയില്‍
- 24 മണിക്കൂറിനിടെ പരിശോധിച്ചത് 8621 പേരെ
ദോഹ: ഖത്തറില്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 70 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 223 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചത് പുതിയ രോഗികളുടെ എണ്ണം ഉയരാനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8621 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. മാസങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പരിശോധനകള്‍ നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഇതുവരെ 8,69,857 പരിശോധനകളാണ് നടത്തിയത്.
പുതിയ രോഗികളില്‍ 195 പേര് ഖത്തറിലുള്ളവരും 40 പേര് ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗികളേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഖത്തറില്‍ ഇതേവരെ 1,29,277 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 212 പേര്‍ക്ക് കൂടി രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളില്‍നിന്നും വ്യത്യസ്തമായി പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് കുറവുണ്ടായി. ഇതുവരെ 1,26,218 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2786 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 394 പേര് ആസ്പത്രിയിലാണ്. ഇവരില്‍ 40 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 52 പേര് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേര്‍ പുതുതായി എത്തിയതാണ്. കോവിഡ് സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വിട്ടുവീഴ്ച വരുത്തരുതെന്നും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.