രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
29,387 പേര്‍ ചികിത്സയില്‍, 1575 പേര്‍ ആസ്പത്രിയില്‍

ദോഹ: രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നു മാത്രം 5235 പേരാണ് രോഗമുക്തരായത്. ഇതാദ്യമായാണ് ഇത്രയധികം പേര്‍ സുഖംപ്രാപിക്കുന്നത്. ഇന്നലെ 5205 പേര്‍ രോഗമുക്തരായിരുന്നു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് രോഗമുക്തരുടെ എണ്ണം 5000ലധികമാകുന്നത്. തുടര്‍ച്ചയായ പത്തു ദിവസങ്ങള്‍ക്കുശേഷം ഇന്നു കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും ആശ്വാസമായി. അതേസമയം പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് 2355 പേരിലാണ് കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 2000ലധികമാകുന്നത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 55,262 ആയി വര്‍ധിച്ചു. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണിന്ന്. ഇതിനു മുന്‍പ് ഏറ്റവുമധികം കേസുകള്‍ ഇന്നലെയായിരുന്നു, 1993 പേര്‍ക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നത്. ഒരു സ്വദേശി ഉള്‍പ്പടെ 36 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
ഇതുവരെ 25,839 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 29,387 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1575 പേര്‍ ആസ്പത്രിയിലാണ്, 217 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 252പേരെ ആസ്പത്രിയിലും 18 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.രാജ്യത്ത് ഇതുവരെ 2,17,988 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5091 പേരെ പരിശോധനക്ക് വിധേയരാക്കി. തുടര്‍ച്ചയായ 23-ാം ദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമാകുന്നത്.
വിവിധ പ്രദേശങ്ങളിലെ തൊഴിലാളികളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രവാസി തൊഴിലാളികളില്‍ രോഗബാധയുണ്ടായതിനു പുറമെയാണിത്. ജോലിസ്ഥലങ്ങളിലെ സമ്പര്‍ക്കത്തിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും കുടുംബ സംഗമങ്ങളിലൂടെയും രോഗബാധിതരായ കുടുംബാംഗങ്ങളുമായുള്ള ഇടപഴകലിലൂടെയും പൗരന്മാരിലും താമസക്കാരിലും കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്.