
ദോഹ: 24-മാത് അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെയും പ്രസിഡന്റായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയുടെ അധ്യക്ഷതയില്‍ ദോഹയില്‍ അസോസിയേഷന്റെ ആസ്ഥാനത്തുചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനമുണ്ടായത്.
ഖത്തറിനു പുറമെ കുവൈത്ത്, ഒമാന്‍, ഇറാഖ്, യമന്‍ രാജ്യങ്ങള്‍ ഗള്‍ഫ് കപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ദോഹയില്‍ കഴിഞ്ഞദിവസം നടന്ന യോഗത്തിലേക്ക് എക്‌സിക്യുട്ടീവ് ഓഫീസ് അംഗങ്ങളെയും കുവൈത്തി ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ പ്രതിനിധിയായ ഡോ. ഇബ്രാഹിം അല്‍അന്‍സാരിയെയും ശൈഖ് ഹമദ് ബിന്‍ ഖലീഫ സ്വാഗതം ചെയ്തു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒമാനിന്റെ ഡോ.ജാസിം അല്‍ശുഖൈലി, യമനിന്റെ ഡോ.ഹാമിദ് അല്‍ഷെയ്ബാനി ഇറാഖിന്റെ താരിഖ് അഹമ്മദ്, കുവൈത്തിന്റെ ഡോ. ഇബ്രാഹിം അല്‍അന്‍സാരി എന്നിവരും ഗള്‍ഫ് കപ്പ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍റുമൈഹിയും അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ബഹ്‌റൈന്റെ അഹമ്മദ് അല്‍നുഐമിയും പങ്കെടുത്തു.
കഴിഞ്ഞകാലയളവിലെ പ്രവര്‍ത്തനങ്ങളും മറ്റു സുപ്രധാന വിഷയങ്ങളും യോഗം വിലയിരുത്തി. ഫെഡറേഷന്റെ ചട്ടങ്ങളും വ്യവസ്ഥകളും പ്രകാരവും വിവിധ ടീമുകള്‍ സമ്മതം അറിയിച്ചതിനെത്തുടര്‍ന്നും ടൂര്‍ണമെന്റ് ഖത്തറില്‍ സമയബന്ധിതമായി തന്നെ നടക്കും. ഗള്‍ഫ് കപ്പിനായുള്ള കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതിന്റെ ചുമതല ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ്.
23ാമത് ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിന് ദോഹയായിരുന്നു ആതിഥ്യം വഹിക്കേണ്ടിയിരുന്നതെങ്കിലും കുവൈത്തിന് വിട്ടുനല്‍കുകയായിരുന്നു. ഒമാനാണ് നിലവിലെ ചാമ്പ്യന്‍. ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ ഇറാഖും യമനുമാണ് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ മത്സരിക്കുന്നത്. 1992, 2004, 2014 വര്‍ഷങ്ങളില്‍ ഖത്തറായിരുന്നു അറേബ്യന്‍ ഗള്‍ഫ് കപ്പ് ജേതാക്കള്‍.