
ദോഹ: പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്‍പ്പറേഷനു(പിഎച്ച്സിസി) കീഴിലുള്ള ഉംസലാല്‍ ഹെല്‍ത്ത്സെന്ററില്‍ 24 മണിക്കൂര്‍ അടിയന്തര പരിചരണ സേവനങ്ങള്‍ക്ക് തുടക്കമായി. ഇതോടെ ഈ സേവനങ്ങള്‍ ലഭിക്കുന്ന ഹെല്‍ത്ത് സെന്ററുകളുടെ എണ്ണം എട്ടായി വര്‍ധിച്ചിട്ടുണ്ട്. കോവിഡ്-19 പരിശോധന, ക്വാറന്റൈന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന നാലു കേന്ദ്രങ്ങളിലൊന്നാണ് ഉംസലാലിലേത്. റൗദത്ത് അല്‍ഖയ്ല്‍, ഗറാഫത്ത് അല്‍റയ്യാന്‍, റുവൈസ്, അല്‍കാബന്‍, അല്‍ഷഹാനിയ, അബൂബക്കര്‍ സിദ്ദീഖ്, മൈദര്‍ ഹെല്‍ത്ത് സെന്ററുകളില്‍ 24 മണിക്കൂര്‍ അടിയന്തര പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സമീപഭാവിയില്‍ മറ്റുകേന്ദ്രങ്ങളിലും ഈ സേവനം തുടങ്ങും. ഉംസലാല്‍ ഉള്‍പ്പടെ ഏട്ടു സെന്ററുകളിലും അത്ര ഗുരുതരമോ അപകടകരമോ അല്ലാത്ത കേസുകളില്‍ എല്ലാ ദിവസവും രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കും. ചെറിയ പൊള്ളല്‍, ഉളുക്ക്, കടുത്ത തലവേദന, നിര്‍ജലീകരണം, തലകറക്കം എന്നിവയുള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കും. അടിയന്തര പരിചരണ കേന്ദ്രത്തില്‍ ഫാര്‍മസി, എക്സ്റേ സേവനങ്ങളും ഡോക്ടറുടെയും നഴ്സ് ടീമിന്റെയും സാന്നിധ്യമുണ്ടാകും. സ്ഥിരമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഈ കേന്ദ്രങ്ങളിലെ അടിയന്തര പരിചരണ സേവനം നിര്‍ണായകപങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും പരിചരണം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. അടിയന്തര ആരോഗ്യസംരക്ഷണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധരായ ടീമിന്റെ നേതൃത്വത്തില്‍ സമഗ്രമായ സേവനങ്ങളാണ് രോഗികള്‍ക്ക് ഉറപ്പുനല്‍കുന്നത്.