
ദോഹ: ഈദുല്‍ അദ്ഹ അവധിദിനങ്ങളില്‍ രാജ്യത്തെ 25 സുപ്രധാന ബീച്ചുകളില്‍ 24 മണിക്കൂറും ഇടതടവില്ലാതെ സേവനങ്ങള്‍ ഒരുക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം.

സംയുക്ത വര്‍ക്കിങ് ടീമിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ സേവനകാര്യങ്ങള്ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സഫര്‍ മുബാറക്ക് അല്‍ഷാഫി പറഞ്ഞു. ദി പെനിന്‍സുലയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈദ് അവധിദിനങ്ങളില്‍ ബീച്ചുകളില്‍ സന്ദര്‍ശിക്കുന്നവരുടെ തൃപ്തി ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നു. ഒന്‍പത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സംയുക്ത വര്‍ക്കിങ് ടീം. നാച്വറല്‍ റിസര്‍വ്സ് വകുപ്പ്, പൊതുശുചിത്വ വകുപ്പ്, അല്‍വഖ്റ മുനിസിപ്പാലിറ്റി, അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി, ആഭ്യന്തരമന്ത്രാലയം, ആഭ്യന്തര സുരക്ഷാസേന(ലഖ്വിയ), സൗത്ത് സെക്യൂരിറ്റി, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍, ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി) എന്നിവയുടെ പ്രതിനിധികളാണ് സംയുക്ത ടീമിലുള്ളത്.
ഈ ടീം ബീച്ചുകളുടെ പുനരധിവാസപദ്ധതികളെക്കുറിച്ച് സമഗ്രമായി പഠിച്ചിരുന്നു. അനുയോജ്യമായ വിധത്തില്‍ ആക്ഷന്‍ പ്ലാന്‍ വികസിപ്പിക്കുന്നതിന് ഈ പഠനം സഹായകമായി. ഈ പഠനങ്ങളെത്തുടര്‍ന്നാണ് നാലു പ്രധാനബീച്ചുകളില് സീലൈന്‍, അല്‍വഖ്റ, അല്ഫര്ഖിയ എന്നിവ കുടുംബങ്ങള്‍ക്കും അല്ഹരായിജ് ബീച്ച് തൊഴിലാളികള്‍ക്കും ബാച്ചിലേഴ്സിനുമായി അനുവദിച്ചത്.
കുടുംബങ്ങള്‍ക്കായുള്ള ബീച്ചുകളില്‍ വിനോദ കായിക സൗകര്യങ്ങള്‍, ടോയ്ലറ്റുകള്, കസേരകള്‍, കുടകള്‍, ബാര്‍ബിക്യു ഏരിയകള്‍, കണ്ടെയ്നറുകള്‍, അത്യാധുനിക ലൈറ്റിങ് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. റസക്യൂ ടീം, ഫസ്റ്റ് എയ്ഡ് സേവനം എന്നിവയും ഉറപ്പാക്കി.
എല്ലാ ബീച്ചുകളിലും സേവനം ഒരുക്കുന്നതിനായി 418 ജീവനക്കാര്‍ അടങ്ങിയ ടീമിനെയാണ് നിയോഗിച്ചത്. 103 ശുചീകരണ വാഹനങ്ങളാണ് വിന്യസിച്ചിരുന്നത്. ബീച്ചുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ബീച്ചുകളുടെ നിരീക്ഷണത്തിനായി പട്രോളിങ് കാര്യക്ഷമമാക്കുന്നതിനുമായിട്ടായിരുന്നു ഇത്.
ബീച്ചുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി 1273 കണ്ടെയ്നറുകളും ലഭ്യമാക്കി. പ്രധാന ബീച്ചുകളിലായിരുന്നു സന്ദര്‍ശകര്‍ കൂടുതലായെത്തിയത്. ഈദ് ദിനങ്ങളില്‍ 231 ടണ്‍ മാലിന്യങ്ങളാണ് നീക്കംചെയ്തത്.
തൊഴിലാളികള്‍ക്കായി നീക്കിവെച്ച അല്ഹറായിജ് ബീച്ചിന് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു.കുടിവെള്ളം, ടോയ്ലറ്റുകള്, പാനീയങ്ങള്‍ക്കായി വാഹനങ്ങള്‍, ഗാര്‍ബേജ് കണ്ടെയ്നറുകള്‍, ലൈറ്റിങ് സംവിധാനം, വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവക്കായി കളിസ്ഥലങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു.
റസ്ക്യൂ, ആംബുലന്‍സ് ടീമുകളെയു നിയോഗിച്ചിരുന്നു. സുരക്ഷാ അതോറിറ്റികളുടെ സഹകരണവം ഇവിടെ ഉറപ്പാക്കിയിരുന്നു. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ബീച്ച് സന്ദര്‍ശകര്‍ക്ക് സൗജന്യഭക്ഷണവിതരണവും നടത്തി. അശ്ഗാലിന്റെ നേതൃത്വത്തില്‍ റോഡ് സൗകര്യം ഒരുക്കിയത് യാത്ര സുഗമമാക്കി.
ഇതിനിടെ അവധി ദിനങ്ങളില്‍ അല്‍വഖ്റ ബീച്ചിലേക്കു മുതിര്‍ന്നവര്‍ക്കും പ്രവേശനം അനുവദിക്കേണ്ടിയിരുന്നുവെന്ന് അഭിപ്രായം ഉയരുന്നു. ബീച്ചിലേക്കുള്ള പ്രവേശനം കുടുംബങ്ങള്‍ക്ക് മാത്രമാക്കിയ നടപടിയില്‍ പലരും വിമര്‍ശനം ഉയര്‍ത്തിയതായി പ്രാദേശിക അറബിപത്രം അല്‍റായ റിപ്പോര്‍ട്ട് ചെയ്തു. വിവിധ മേഖലകളില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഖത്തരികളാണ് ഇത്തരമൊരു അഭിപ്രായം പങ്കുവച്ചത്.
കുടുംബങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു ബീച്ച് അല്‍വഖ്റയില്‍ ഇപ്പോഴുണ്ട്. എല്ലായിപ്പോഴും അവിടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. മറ്റൊരു ബീച്ച് എല്ലാവര്ക്കും പ്രവേശനമുള്ളതുമാണ്. അത്തരമൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ ബീച്ച് തുറന്നത്.
ഒരു ബീച്ച് നിലവില്‍ തന്നെ കുടുംബങ്ങള്‍ക്ക് മാത്രമായി ഉള്ളപ്പോള്‍ തന്നെ എല്ലാവര്ക്കും പ്രവേശനമുള്ള ബീച്ച് കൂടി കുടുംബങ്ങള്‍ക്ക് മാത്രമാക്കിയത് ഉചിതമായില്ലെന്നും അധികൃതര്‍ തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ആവശ്യം.
ബീച്ചിന്റെ എല്ലാ ഭാഗവും കുടുംബങ്ങള്‍ക്ക് മാത്രമാക്കി മാറ്റിയതിലൂടെ തങ്ങളുടെ വിനോദ, വ്യായാമാവസരങ്ങളാണ് നഷ്ടമാകുന്നതെന്ന് എല്ലാ ചൊവ്വാഴ്ചയും സുഹൃത്തുക്കളോടൊപ്പം വഖ്റ ബീച്ചിലെത്താറുള്ള ഖത്തരിയായ മുഹമ്മദ് അബ്ദുല്ല ചൂണ്ടിക്കാട്ടുന്നു.