
ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 271 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമീപ കാലയളവില്‍ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ രോഗബാധിതരില്‍ 231 പേര് ഖത്തറിലുള്ളവരും 40 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,48,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 248 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേര്‍ക്ക് രോഗം ഭേദമായി.
ഇതുവരെ 1,44,350 പേര് സുഖംപ്രാപിച്ചു. നിലവില്‍ 3402 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 334 പേര് ആസ്പത്രിയിലാണ്. 32 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 29 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി മൂന്നുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8930 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5578 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 13,33,825 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്സ് മാസ്ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.