in ,

30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചത് ആയിരങ്ങള്‍

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന 30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ മികച്ച സന്ദര്‍ശക പങ്കാളിത്തം. ജനുവരി 18വരെ തുടര്‍ന്ന പുസ്തകോത്സവം പുസ്തകപ്രേമികളെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമായിരുന്നു.
ആയിരങ്ങളാണ് ഓരോ ദിവസവും പുസ്തകോത്സവ വേദിയിലേക്കെത്തിയത്. അറബ്, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കു പുറമെ മലയാള പുസ്തകങ്ങള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷത്തോടനുബന്ധിച്ച് ഫ്രാന്‍സായിരുന്നു പുസ്തകോത്സവത്തിലെ അതിഥി രാജ്യം. ക്ലാസിക്കല്‍ ഫ്രഞ്ച് സാഹിത്യം, കല, സംസകാരം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വിപുലമായശേഖരം ഇത്തവണ മേളയിലുണ്ടായിരുന്നു. നിരവധി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ഫിലിം ഷോകള്‍, പ്രത്യേക ശില്‍പ്പശാലകള്‍ എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി നടന്നു.
സാംസ്‌കാരിക കായിക മന്ത്രാലയം, ഖത്തര്‍ യൂണിവേഴ്‌സിറ്റി, കത്താറ പബ്ലീഷിങ് ഹൗസ് എന്നിവയുടെയെല്ലാം പവലിയനുകളുണ്ടായിരുന്നു. സാംസ്‌കാരികമന്ത്രാലയത്തില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി കേന്ദ്രങ്ങളും മേളയില്‍ പങ്കാളികളായി. സാംസ്‌കാരിക പരിപാടികള്‍, കവിതാ, കലാ പ്രദര്‍ശനങ്ങള്‍ എന്നിവയിലെല്ലാം വന്‍പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. 31 രാജ്യങ്ങളിലെ 335 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുത്തു.
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന പ്രമേയത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഖത്തര്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റ്‌സിന്റെ മേല്‍നോട്ടത്തിലും സംഘാടനത്തിലുമായിരുന്നു പുസ്തകോത്സവം. നിരവധി എംബസികളുടെ പങ്കാളിത്തത്തിനു പുറമെ 797 പവലിയനുകളുമുണ്ടായിരുന്നു. അറബ് ലോകത്ത് ആദ്യമായി ബുക്കര്‍ പുരസ്‌കാരം നേടിയ ജൗഖ അല്‍ഹാരിസി അതിഥിയായി പങ്കെടുത്തു. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ജി വില്ലോ വില്‍സണ്‍, പ്രമുഖ അള്‍ജീരിയന്‍ എഴുത്തുകാരി അഹ്‌ലാം മുസ്തഗാനിമി, പ്രമുഖ അറബ് എഴുത്തുകാരന്‍ ഡോ.താജ് അല്‍സീര്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. ഇന്ത്യ ഖത്തര്‍ സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട രണ്ട് മലയാളം കൃതികളുടെ പ്രകാശനവും നടന്നു. കവി വീരാന്‍കുട്ടിയുടെ തെരെഞ്ഞെടുത്ത നൂറുകവിതകളുള്‍പെടുന്ന നിശബ്ദതയുടെ മുഴക്കങ്ങള്‍ ‘അസ്ദാഉസ്സുംത്’ എന്ന പേരിലും ബി. എം സുഹറയുടെ ഇരുട്ട് എന്ന നോവല്‍ ‘തഹ്ത സ്സമാ അല്‍ മുദ്ലിമ’ എന്ന പേരിലുമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അതിഥിയായി ബി എം സുഹ്റ പുസ്തകോത്സവത്തില്‍ പങ്കെടുത്തു., പരിഭാഷകന്‍ സുഹൈല്‍ വാഫി, എഴുത്തുകാരന്‍ മഹ്്മൂദ് മാട്ടൂല്‍ തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. സാംസ്‌കാരിക മന്ത്രാലയം ഡയറക്ടര്‍ മുഹമ്മദ് ഹസ്സന്‍ കുവാരി പ്രകാശനം നിര്‍വഹിച്ചു. അറബ്, വിദേശ രാജ്യങ്ങളുടെ വര്‍ധിച്ച പങ്കാളിത്തം ഇത്തവണയുണ്ടായിരുന്നു. ബെല്‍ജിയം, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ ഇതാദ്യമായി പങ്കെടുത്തു. പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായുള്ള ധാരണപ്രകാരം 25 ശതമാനം വരെ പുസ്തകങ്ങള്‍ക്ക് കിഴിവ് ലഭ്യമാക്കിയിരുന്നു.
ഇന്ത്യന്‍ സാന്നിധ്യമായി ഇസ്ലാമിക് പബ്ലീഷിങ് ഹൗസിനും ക്രെസന്റ് ബുക്ക്‌സിനും പവലിയനുണ്ടായിരുന്നു. പുസ്തകങ്ങള്‍ക്ക് 50%വരെ വിലക്കുറവ് ലഭ്യമാക്കിയിരുന്നു. അറബിക് ബുക്കുകള്‍ക്കായി 228 പ്രസാധക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 559 പവലിയനുകളും 35 വിദേശ പ്രസാധകരെ പ്രതിനിധീകരിച്ച് 91 വിദേശപവലിയനുകളുമുണ്ടായി. കുട്ടികളുടെ പുസ്തകങ്ങളുമായി 72 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി വിവിധങ്ങളായ പരിപാടികളും ഷോകളും ക്രമീകരിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശ്രദ്ധേയ പ്രകടനവുമായി സര്‍ജാനോ ഖാലിദ്

തൊഴില്‍മന്ത്രാലയത്തിന്റെ ആപ്പില്‍ 33 സേവനങ്ങള്‍