in ,

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 30 ഇലക്ടറല്‍ ജില്ലകള്‍, തെരഞ്ഞെടുപ്പ് നിയമത്തിന് അമീറിന്റെ അംഗീകാരം

ദോഹ: ഒക്ടോബറില്‍ നടക്കുന്ന ഖത്തര്‍ ശൂറാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ടറല്‍ ജില്ലകള്‍ നിര്‍ണയിച്ചു. മുപ്പത് ജില്ലകളാണുള്ളത്. ഇതു സംബന്ധിച്ച ഉത്തരവ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് സംവിധാനം വ്യക്തമാക്കുന്ന 2021ലെ ആറാം നമ്പര്‍ നിയമത്തിനും അമീര്‍ അംഗീകാരം നല്‍കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതുമുതല്‍ നിയമം പ്രാബല്യത്തിലാകും. അമീര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുപ്പത് ഇലക്ടറല്‍ ജില്ലകളായിരിക്കും രാജ്യത്തുണ്ടാകുക. ഓരോ മണ്ഡലത്തില്‍ നിന്നും ഓരോ പ്രതിനിധി തെരഞ്ഞെടുക്കപ്പെടും. ഖത്തറില്‍ ജനിച്ച ഖത്തരി പൗരത്വമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കും. സ്ഥാനാര്‍ഥികള്‍ക്കുള്ള മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ജൂഡീഷ്യറി അംഗങ്ങള്‍, സൈനികര്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് മല്‍സരിക്കാനാവില്ല. 1930ന് മുമ്പ് ഖത്തറില്‍ താമസമാക്കിയ കുടുംബത്തിലെ ഖത്തരി പൗരനായിരിക്കണം സ്ഥാനാര്‍ഥി. 30 വയസ്സില്‍ കുറയാന്‍ പാടില്ല. അറബി ഭാഷ എഴുതാനും വായിക്കാനും അറിയണം. ബഹുമാന്യ വ്യക്തിത്വമായിരിക്കണം. നല്ല പെരുമാറ്റമായിരിക്കണം. സത്യസന്ധത കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരിക്കണം. മത്സരിക്കുന്ന ഇലക്ടറല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയായിരിക്കണം സ്ഥാനാര്‍ഥി.
വിശ്വാസ വഞ്ചന, സദാചാര ലംഘനം എന്നിവയുള്‍പ്പടെയുള്ള കേസുകള്‍ ഉണ്ടാകരുത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി രാജിവെക്കാതെ ശൂറ കൗണ്‍സിലിലേക്ക് മല്‍സരിക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 20 ലക്ഷം റിയാല്‍ ചെലവഴിക്കാം. ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൊതു, സ്വകാര്യ മാധ്യമങ്ങള്‍ പക്ഷപാതിത്വം പുലര്‍ത്തരുത്. പൊതു സ്ഥലങ്ങളില്‍ പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കുന്നതിലുള്‍പ്പടെ വിവേചനം പാടില്ല. സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ നിയമിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക. തെരഞ്ഞടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷയായിരിക്കും. പുറത്തുനിന്നുള്ള ഇടപെടല്‍, പണം നല്‍കി വോട്ടറെ സ്വാധീനിക്കല്‍ തുടങ്ങിയവയെല്ലാം ചട്ടലംഘനത്തിന്റെ പരിധിയില്‍ വരും.കഴിഞ്ഞവര്‍ഷം ശൂറാ കൗണ്‍സിലിന്റെ 49-ാം സെഷന്‍ ഉദ്ഘാടനം ചെയ്യവെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. ഖത്തരി ഉപദേശക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. 2003ലെ റഫറണ്ടത്തിന്റെയും തുടര്‍ന്ന് 2004ലെ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഭരണഘടനാനുസൃതമായി ദൈവേച്ഛയാല്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു അമീര്‍ പ്രഖ്യാപിച്ചത്. നിലവില്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മാത്രമാണ് ഖത്തറില്‍ തെരഞ്ഞെടുപ്പുള്ളത്. ഓരോ നാലുവര്‍ഷം കൂടുമ്പോഴാണ് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സിലിന് നിയമപരമായ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും വളരെ പരിമിതമാണ്. ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയെന്ന ഉത്തരവാദിത്വം മാത്രമാണ് മുനിസിപ്പല്‍ കൗണ്‍സിലിനുള്ളത്. എന്നാല്‍ ശൂറാ കൗണ്‍സില്‍ രാജ്യത്തെ പാര്‍ലമെന്റാണ്. ശൂറാ കൗണ്‍സിലിന്റെ അംഗീകാരത്തിന് വിധേയമായാണ് മന്ത്രിസഭ നിയമങ്ങള്‍ പാസാക്കി അന്തിമ അനുമതിക്കായി അമീറിന് സമര്‍പ്പിക്കുന്നത്. ഏറ്റവും ശക്തമായ പാര്‍ലമെന്ററി സംവിധാനമാണ് ശൂറാ കൗണ്‍സില്‍.

30 ജില്ലകളുടെ പട്ടിക ചുവടെ,

ഫരീജ് അല്‍ഖുലൈഫത്, ഫരീജ് അല്‍ഹത്മി, ഫരീജ് അല്‍സലത, അല്‍മിര്‍ഖബ്, ഓള്‍ഡ് അല്‍ഗാനിം, മുഷൈരിബ്, അല്‍ജസ്‌റ, അല്‍ബിദ, ബര്‍ഹത് അല്‍ജഫൈരി, ദോഹ അല്‍ജദീദ, റൗദത് അല്‍ഖൈല്‍, അല്‍റുമൈല, ഫരീജ് അല്‍നജ്ദ, സൗത്ത് അല്‍വഖ്‌റ, നോര്‍ത്ത് അല്‍വഖ്‌റ, അല്‍സെയ്‌ലിയ, ഓള്‍ഡ് റയ്യാന്‍, അല്‍കര്‍ത്തിയാത്, അല്‍ദായേന്‍, അല്‍ഖോര്‍ ദഖീറ, അല്‍മഷ്‌റബ്, അല്‍ഗാരിയ, അല്‍റുവൈസ്, അബ ദലൂഫ്, അല്‍ജുമൈല്‍, അല്‍കുവൈരിയ, അല്‍നസ്രാനിയ ആന്റ് അല്‍ഖാരിബ്, ദുഖാന്‍, അല്‍ഖര്‍സ-ഉമ്മഹത് സാവി-അല്‍ഉവൈയ്‌ന, റൗദത്ത് റാഷിദ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വ്യാപാര സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ; വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി

കെ പി നൂറുദ്ദീന്റെ മകള്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ഡോക്ടറേറ്റ്