
ദോഹ: ദോഹ മെട്രോ സ്‌റ്റേഷനുകള്‍ക്കു സമീപങ്ങളിലായി 300 എയര്‍ കണ്ടീഷന്‍ഡ് ബസ് ഷെല്‍ട്ടറുകള്‍ ഖത്തര്‍ റെയില്‍ സജ്ജമാക്കുന്നു. ദോഹ മെട്രോയിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായുള്ള മെട്രോലിങ്ക് ബസുകളുടെയും പൊതുഗതാഗത ബസുകളുടെയും ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായാണ് എസി ഷെല്‍ട്ടറുകള്‍ തയാറാക്കുന്നത്. ഇതിനോടകം നിരവധി മെട്രോ സ്‌റ്റേഷനുകള്‍ക്കു സമീപത്തായി എസി ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിട്ടുണ്ട്.
മെട്രോ സ്്‌റ്റേഷനുകള്‍ക്കു സമീപം 300 ബസ് സ്റ്റോപ്പുകളും ഒരുക്കിയിട്ടുണ്ട്. കടുംചുവപ്പ് നിറത്തിലാണ് ബസ് സ്റ്റോപ്പുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ദോഹ മെട്രോയുടെ മെട്രൊലിങ്ക് ബസ് സര്‍വീസുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍ തുടങ്ങിയിരുന്നു. ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് രണ്ടു മുതല്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഖത്തര്‍ റെയില്‍ യാത്രക്കാര്‍ക്ക്് ആദ്യ, അവസാന മൈല്‍ കണക്റ്റിവിറ്റി നല്‍കുന്ന ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോലിങ്ക്. ബസുകളിലെ യാത്ര സൗജന്യമാണ്. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് മെട്രോലിങ്ക് സര്‍വീസുകള്‍. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പതിനേഴ് റൂട്ടുകളിലാണ് സര്‍വീസ്.