
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്നു മുതല്‍ അധികമായി 300 പള്ളികള്‍ കൂടി തുറക്കും. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ക്കും ഈദ് നമസ്കാരത്തിനുമായി നിയന്ത്രിത എണ്ണം പള്ളികളും ഈദ് മുസല്ലകളും തുറക്കും. പ്രതിരോധ നടപടികള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുത്ത പള്ളികളില്‍ ജുമുഅ നമസ്കാരം നടക്കുക. ജുമുഅ ഖുത്തുബക്ക് 30 മിനുട്ട് മുന്‍പായി,അതായത് ആദ്യ ബാങ്കോടെയായിരിക്കും പള്ളി തുറക്കുക. പ്രാര്‍ഥന കഴിഞ്ഞ് പത്തുമിനുട്ടിനുശേഷം പള്ളി അടക്കും. ഖുത്തുബയിലും പ്രാര്‍ഥനയിലും സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.
ജുമുഅ നമസ്കാരത്തിന് പള്ളികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ്പ്രവേശനമുണ്ടായിരിക്കില്ല. വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്ന പള്ളികള്‍ കര്‍ശനമായ മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കണം. പള്ളികളിലെ ജീവനക്കാരുടേയും പ്രാര്‍ത്ഥനക്കായി എത്തുന്ന വിശ്വാസികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. അധികമായി തുറക്കുന്ന പള്ളികളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യ ഘട്ടം ജൂണ്‍ പതിനഞ്ചു മുതല്‍ പ്രാബല്യത്തിലായിരുന്നു. ഇതിന്റെ ഭാഗമായി അഞ്ഞൂറോളം പള്ളികളാണ് തുറന്നത്. തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിലായ രണ്ടാംഘട്ടത്തില്‍ മുന്നൂറോളം പള്ളികളും തുറന്നു. ഇന്നു മുതല്‍ 300 പള്ളികള്‍ കൂടി പ്രഭാത നമസ്കാരത്തോടെ തുറക്കും. പള്ളികളിലെ പ്രര്ഥനക്കുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ എന്നിവര്‍ വീടുകളില്‍തന്നെ പ്രാര്‍ഥന നിര്‍വഹിക്കണം. 12 വയസില്‍ താഴെയുള്ളവര്‍ക്കും പള്ളിയില്‍ പ്രവേശനമില്ല. ആളുകള്‍ എല്ലായിപ്പോഴും ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണം. മാസ്ക് ധരിക്കാത്തവര്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല. കോവിഡ്-19 അപകട നിര്‍ണയ ആപ്പ് ഇഹ്തിറാസില്‍ പച്ച നിറമായിരിക്കണം. പള്ളിയില്‍ പ്രവേശിക്കുന്നതിന് മുന്പ്് എല്ലാവരും കൈകള്‍ വൃത്തിയാക്കണം.
എല്ലാ ജീവനക്കാരുടേയും ശരീര താപനില പരിശോധിക്കണം. പള്ളിയിലെ എല്ലാ ജീവനക്കാരും തൊഴിലാളികളും പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികളും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.വിശ്വാസികള്‍ പ്രാര്‍ത്ഥനക്കുള്ള നമസ്കാര പായ (മുസല്ല), പാരായണത്തിനുള്ള വിശുദ്ധ ഖുര്‍ ആന്‍ എന്നിവ സ്വന്തമായി കൊണ്ടുവരണം. അതല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണത്തിനായി തങ്ങളുടെ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണം. വീടുകളില്‍നിന്ന്് അംഗശുദ്ധി വരുത്തി വേണം പള്ളികളിലെത്തേണ്ടത്. കാര്‍പ്പെറ്റില്‍ ശാരീരിക അകലം പാലിക്കുന്നതിനുള്ള അടയാളവും രേഖപ്പെടുത്തണം. പള്ളികളിലെ ശുചിമുറികള്‍, അംഗശുദ്ധി വരുത്തുന്ന സ്ഥലം എന്നിവ അടക്കണം. എല്ലാ പ്രവേശന കവാടങ്ങളിലും മാലിന്യ ബോക്സുകളും ടിഷ്യൂ പേപ്പറുകളും സാനിറ്റൈസറുകളും ഉണ്ടാകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യു ഉപയോഗിച്ച് മൂക്കും വായയും അടച്ച് പിടിക്കണം. ടിഷ്യു സുരക്ഷിതമായി മാലിന്യബോക്സില് നിക്ഷേപിക്കണം. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. പള്ളിയിലെ കാര്പെറ്റുകള്, ഇടനാഴികള്‍, തറ, ചെരുപ്പ് സൂക്ഷിക്കുന്ന ഇടം തുടങ്ങി എല്ലാ സ്ഥലങ്ങളും ഓരോ പ്രാര്‍ത്ഥന കഴിയുമ്പോഴും പതിവായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. പ്രാര്‍ത്ഥനാസമയങ്ങളില്‍ പള്ളിക്കുള്ളില്‍ ശരിയായ വായുസഞ്ചാരം ലഭിക്കാന്‍ കുറഞ്ഞത് പകുതി എണ്ണം ജനാലകളും വാതിലുകളും തുറന്നിടണം.
പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങിയ ശേഷമേ അടക്കാവൂ. മറ്റുള്ളവരുടെ ഇടയിലൂടെ നടക്കാതെ തന്നെ പള്ളിയുടെ വശങ്ങളില് കൂടി വിശ്വാസികള്‍ക്ക് തിക്കും തിരക്കുമില്ലാതെ പുറത്തേക്ക് പോകാനുള്ള ക്രമീകരണം ഉണ്ടായിരിക്കണം.