
ദോഹ: ലുസൈലിലെ എനര്‍ജി സിറ്റിയില്‍ പ്രകാശവിന്യാസത്തിനായി 320 സ്മാര്‍ട്ട് പോളുകള്‍ സ്ഥാപിച്ചു. സിറ്റിയുടെ സ്്ട്രീറ്റുകളും ആസ്ഥാനവും പ്രകാശപൂരിതമാക്കുകയാണ് ലക്ഷ്യം. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രമുഖ കമ്പനികളും നഗരത്തിലെ അവരുടെ കെട്ടിടങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എനര്‍ജി സിറ്റിയിലെ ലൈറ്റിങ് സംവിധാനത്തിനായി ആകെ ചെലവ് പതിനഞ്ച് മില്യണ്‍ ഖത്തര്‍ റിയാലാണ്. വിന്യസിച്ചിരിക്കുന്ന 320 സ്മാര്‍ട്ട് പോളുകളിലായി 640 ലൈറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. സിഗ്ബി ആന്റിന സംവിധാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വിദൂരാടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നതിനും ഉപയോഗം യുക്തിസഹമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എനര്‍ജി സിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്‍ജിനിയര്‍ ഹിഷാം അല്‍ഇമാദി പറഞ്ഞു. പാരിസ്ഥിതിക മലിനീകരണം കുറക്കുന്നതിലും നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച പാരിസ്ഥിതികാനുഭവം പ്രദാനം ചെയ്യുന്നതിലും ഈ സംവിധാനം വലിയ പങ്ക് വഹിക്കുമെന്ന് അല്‍ഇമാദി സൂചിപ്പിച്ചു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ലുസൈല്‍ യൂണിവേഴ്സിറ്റി, ഖത്തര്‍ ചാരിറ്റി, ബീമ ഉള്‍പ്പടെയുള്ളവയും എനര്‍ജി സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ദാര്‍ അല്‍ശര്‍ഖ്, എന്‍ഡോവ്മെന്റ് അതോറിറ്റി, അല്‍ഖലീജ് ഇന്‍ഷ്വറന്‍സ്, പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഫീസുകള്‍ ഇവിടെ നിര്‍മാണഘട്ടത്തിലാണ്. എനര്‍ജി സിറ്റിയുടെ പ്രകാശശേഷി 80 കിലോവാട്ടാണ്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളോടെയാണ് സ്മാര്‍ട്ട് പോളുകള്‍ സ്ഥാപിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും എനര്‍ജി സിറ്റിയിലെ ലൈറ്റിങ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. വിവിധ പ്രവര്ത്തനോദ്ദേശ്യ സ്മാര്‍ട്ട് പോളുകള്‍ നഗരരംഗത്തെ സമീപകാല സംഭവവികാസമാണെന്ന് അല്‍ഇമാദി ചൂണ്ടിക്കാട്ടി.