ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മാസങ്ങള്‍ക്കുശേഷം 300ലധികമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 338 പേര്‍ക്ക്. സമീപകാലയളവില്‍ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനു മുന്‍പ് അവസാനമായി പ്രതിദിന കേസുകളുടെ എണ്ണം 300ലധികമായത് കഴിഞ്ഞവര്‍ഷം സ്പെ്തംബര്‍ 22നായിരുന്നു.
അന്ന് 313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം 300ല്‍ താഴെയായി തുടരുകയായിരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 324 പേര് ഖത്തറിലുള്ളവരും 14 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തായി.
രാജ്യത്ത് ഇതേവരെ 1,49,933 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 248 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 127പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,45,252 പേര് സുഖംപ്രാപിച്ചു. നിലവില്‍ 4434 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 391 പേര് ആസ്പത്രിയിലാണ്.
49പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 40 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ഏഴുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9069 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 6,183 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 13,68,964 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്സ് മാസ്ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.