
ദോഹ: ദോഹ മുനിസിപ്പാലിറ്റിയുടെ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ഒരാഴ്ച നീണ്ടുനിന്ന സംയുക്ത പരിശോധനയില്‍ 340 പൊതു ശുചിത്വ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ജൂണ്‍ പതിനാലു മുതല്‍ പതിനെട്ടു വരെയായിരുന്നു പരിശോധനാ കാമ്പയിന്‍. ദോഹ മുനിസിപ്പാലിറ്റി, മെക്കാനിക്കല്‍ ഉപകരണ വകുപ്പ്, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനാ കാമ്പയിന്‍.
പരിശോധനക്കിടെ ഉപേക്ഷിക്കപ്പെട്ട 135 വാഹനങ്ങളും പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 25 വാഹനങ്ങള്‍ ബന്ധപ്പെട്ട കമ്മിറ്റി നീക്കം ചെയ്തു. മറ്റു വാഹനങ്ങളുടെ ഉടമകളോടു വാഹനങ്ങള്‍ മടക്കിയെടുക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശിച്ചു. ഫരീജ് ബിന്‍ അബ്ദുല്‍അസീസ്, മുഷൈരിബ്, നജ്മ, അല്‍മന്‍സൂറ, അല്‍ഖുലൈഫിയാത്ത്, റാസ് അബുഅബൗദ്, ഉംഗുവൈലിന എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പൊതുശുചിത്വം സംബന്ധിച്ച 2017ലെ 18-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പൊതുജനങ്ങളോടു ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളില്‍ ശുചിത്വ പരിശോധനാ കാമ്പയിനുകള്‍ ശക്തമാക്കി. വിവിധ പ്രദേശങ്ങളില്‍ കണ്ടെയ്‌നറുകള്‍ കഴുകി ശുചിയാക്കുകയും കീടനാശിനി തളിക്കുകയും ചെയ്തു. പൊതുശുചിത്വം ഉറപ്പാക്കുകയും പൊതുജനങ്ങള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുകയെന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.