
ദോഹ: രാജ്യത്തെ കോവിഡ് രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ആസ്പത്രികളുടെ ശേഷി വര്‍ധിപ്പിക്കുകയും കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുകയും ചെയ്യുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി). ഇതോടെ കോവിഡ് ചികിത്സക്കായി അധിക കിടക്കകളുടെ എണ്ണം ഏകദേശം 3500 ആയി വര്‍ധിക്കും.
എച്ച്എംസിയിലെ അപകട നിയന്ത്രണത്തിനായുള്ള ഹെല്‍ത്ത് സിസ്റ്റംസ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.സാദ് അല്‍കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസ്പത്രി ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് നിലവില്‍ കിടക്കകളുടെ അഭാവമില്ല. അതേസമയം കോവിഡ് വ്യാപനം തടയുന്നതിനും വൈറസിനെ പ്രതിരോധിക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങളും ഒരേപോലെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രപരിചരണ വിഭാഗങ്ങളിലായാലും സാധാരണ വാര്‍ഡുകൡലായാലും കോവിഡ് രോഗികളുടെ ചികിത്സക്കായി കിടക്കകള്‍ക്ക് ഒരു കുറവുമില്ല. രോഗികളുടെ ചികിത്സക്കായി ഏഴു സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍(സിഡിസി), ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി, ക്യൂബന്‍ ആസ്പത്രി, മീസൈദ്, റാസ് ലഫാന്‍ ആസ്പത്രികള്‍, ഷഹാനിയ ലിബ്‌സീര്‍ ആസ്പത്രി, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫീല്‍ഡ് ആസ്പത്രി എന്നിവയാണവ. നിലവിലുള്ള ആസ്പത്രികളുടെ ശേഷി വര്‍ധിപ്പിക്കുകയും പുതിയവ തുറക്കുകയും ചെയ്തതോടെ ഗുരുതരാവസ്ഥയിലുള്ള കേസുകള്‍ ഉള്‍പ്പടെ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ഗണ്യമായി വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഗുണപരമായ ചുവടുവയ്പ്പുകള്‍ക്കിടയിലും ഏറ്റവും മോശം സാഹചര്യങ്ങളോടും പ്രതികരിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പടെ ഏത് പകര്‍ച്ചവ്യാധിയോടും പ്രതികരിക്കാന്‍ ഖത്തര്‍ സജ്ജമാണ്. അതേസമയം വീടുകളില്‍ തുടരുന്നതിലൂടെയും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലൂടെയും വൈറസ് വ്യാപനം തടയാന്‍ എല്ലാവരും സഹായിക്കണം. മുന്‍പത്തേക്കാളെല്ലാം ഇപ്പോള്‍ ഇക്കാര്യം സുപ്രധാനമായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈദുല്‍ ഫിത്വര്‍ ആഘോഷവേളകളിലെല്ലാം സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടെയുള്ള കര്‍ശന മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.
ആഘോഷങ്ങള്‍ക്കായി അയവ് പാടില്ല. വൈറസ് പടരുന്നത് പരിമിതപ്പെടുത്തുന്നതിനായി സമൂഹം കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. അല്‍കഅബി ഊന്നിപ്പറഞ്ഞു. ഏകദേശം രണ്ടുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന റാസ് ലഫാന്‍ ആസ്പത്രിയില്‍ എല്ലാ ക്രമീകരണങ്ങളും സജ്ജമാണെന്ന് ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഖാലിദ് അല്‍ജഹാം പറഞ്ഞു. ഭൂഗര്‍ഭ നില, താഴത്തെ നില ഉള്‍പ്പടെ നാലു നിലകളിലായാണ് ആസ്പത്രി. എച്ച്എംസിയുടെ കോവിഡ് ചികിത്സാ സൗകര്യങ്ങളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഏകദേശം 400 കിടക്കകളുടെ ശേഷിയുണ്ടെന്ന് തീവ്രപരിചരണ യൂണിറ്റുകളുടെ(ഐസിയു) ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍മുഹമ്മദ് ചൂണ്ടിക്കാട്ടി.
ശേഷി 700 കിടക്കകളിലേക്ക് ഉയര്‍ത്താനാകും. നിലവില്‍ 1452 പേര്‍ അക്യൂട്ട് കെയര്‍ യൂണിറ്റുകളിലും 163 പേര്‍ തീവ്രപരിചരണ യൂണിറ്റുകളിലും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.