in

ഖത്തര്‍ റോഡുകളിലെ തകരാറുകള്‍ തിരിച്ചറിയാന്‍ ത്രീഡി റഡാര്‍ സാങ്കേതികവിദ്യ

ദോഹ: നിരത്തുകളിലെ തകരാറുകള്‍ തിരിച്ചറിയാന്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ ത്രീഡി റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നിരത്തുകള്‍ ആധുനികവത്കരിക്കുന്നതിനും മികച്ച രീതിയില്‍ പരിപാലിക്കുന്നതിനും ലക്ഷ്യമിട്ടാണിത്. ത്രിമാന റഡാര്‍ (ത്രീഡി-ജിപിആര്‍) ഉപയോഗിച്ച് ടാറിങ് സ്‌കാന്‍ ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് അശ്ഗാല്‍ നടപ്പാക്കുന്നത്. റോഡുകളുടെയും പാലങ്ങളുടെയും മലിനജല ശൃംഖലയുടെയും താഴത്തെ പാളികള്‍ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. അശ്ഗാലിലെ റോഡ് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് വകുപ്പ് അടുത്തിടെ ഈ നൂതന സാങ്കേതികവിദ്യ അല്‍അസിരി പാലത്തിലും(മിഡ്മാക് പാലം) ഹൈവേകള്‍, പ്രധാന റോഡുകള്‍, പ്രാദേശിക റോഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് സുപ്രധാന സ്ഥലങ്ങളിലും നടപ്പാക്കി.

റോഡുകളുടെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുതന്നെ, പ്രാരംഭഘട്ടത്തില്‍ റോഡ് പാളികളിലെ തകരാറുകളും വൈകല്യങ്ങളും തിരിച്ചറിയുന്നതിനായുള്ള സമഗ്രപദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന സ്ഥലങ്ങളില്‍ ത്രീഡി ജിപിആര്‍ പദ്ധതി പ്രയോഗവല്‍ക്കരിച്ചത്. റഡാര്‍ ബീമുകള്‍ അസ്ഫാല്‍റ്റിന്റെ ഉപരിതല പാളികളിലേക്ക് തുളച്ചുകയറുകയും താഴത്തെ പാളികളില്‍ എത്തുകയും ചെയ്യും. ഇതിലൂടെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അടിത്തറയിലെ ഏതെങ്കിലും പോരായ്മകളോ വിടവുകളോ തിരിച്ചറിയാനാകും. ആഴത്തിലുള്ള സ്‌കാനിംഗ് പ്രക്രിയ ഉയര്‍ന്ന കൃത്യതയോടെയാണ് നടത്തുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നാല് മീറ്റര്‍ വരെ താഴെ സ്‌കാനിങ് നടത്താനാകും.

റോഡുകളുടെ ഉപരിതലത്തിലേക്ക് ടാറിങ് തകരാറുകള്‍ വ്യാപിക്കുന്നത് നിയന്ത്രിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് റോഡ് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് വകുപ്പ് എന്‍ജിനിയര്‍ മുഹമ്മദ് അല്‍കഷാബി പറഞ്ഞു. റോഡുകള്‍ തകരാറിലാകുന്നത് കുറക്കാനും ഗതാഗത സുരക്ഷ ഉറപ്പാക്കാനും വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കാനും റോഡ് അറ്റകുറ്റപ്പണികളുടെയും പരിപാലനത്തിന്റെയും ചെലവ് കുറക്കാനും സാധിക്കും. ജിപിആര്‍ റഡാര്‍ ഉപകരണം വാഹനത്തിലാണ് ഘടിപ്പിക്കുന്നത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ ഡാറ്റ ശേഖരിക്കും. ദ്വാരങ്ങളും മറ്റ് വൈകല്യങ്ങളും കണ്ടെത്താന്‍ കഴിയുന്ന ‘എക്‌സാമിനര്‍’ പ്രോഗ്രാം ഉപയോഗിച്ചും ഡാറ്റ വിശകലനം ചെയ്യാനാകും. പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി, പ്രത്യേക സാങ്കേതിക സംഘം ഈ വിവരങ്ങള്‍ വിശകലനം ചെയ്യുകയും പരിഹാരമാര്‍ഗങ്ങളും ഉചിതമായതും സമയബന്ധിതവുമായ പ്രതിരോധ പദ്ധതി വികസിപ്പിക്കുകയും ചെയ്യും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സന്ദര്‍ശനം ഒഴിവാക്കുക

ക്യുമേറ്റ്‌സിന്റെ രക്തദാന ക്യാമ്പ് നാളെ