
ആര്‍.റിന്‍സ്/ ദോഹ:
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ ഉള്‍പ്പടെ ആറു ഗള്‍ഫ് രാജ്യങ്ങളും ഒപ്പിട്ട സുപ്രധാനമായ അല്‍ഉല ഐക്യദാര്‍ഢ്യ സുസ്ഥിരതാ കരാര്‍ പ്രാബല്യത്തില്‍. കരാറിന്റെ അടിസ്ഥാനത്തില്‍ സഊദി അറേബ്യക്കു പുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, വ്യോമഗതഗാത ബന്ധം പൂര്‍ണമായി പുന:സ്ഥാപിച്ചു. സഊദിയിലെ പൈതൃകനഗരമായ അല്‍ഉലയില്‍ നടന്ന 41ാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള പ്രഖ്യാപനത്തിനു പുറമെ ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയിലും ഗള്‍ഫ് ഭരണാധികാരികള്‍ ഒപ്പുവെച്ചു. നാലു രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ചുമത്തിയ ഉപരോധം നീക്കി നയതന്ത്ര ബന്ധം പൂര്‍ണമായും പുനരാരംഭിക്കുന്നതിലേക്ക് നീങ്ങിയതായി സഊദി വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തറുമായുള്ള തര്‍ക്കത്തിന്റെ സമ്പൂര്‍ണ പരിഹാരവും നയതന്ത്ര ബന്ധത്തിലേക്കുള്ള പൂര്‍ണ തിരിച്ചുവരവുമാണ ഉച്ചകോടിയിലുണ്ടായതെന്ന് സഊദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ജിസിസി ഉച്ചകോടിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വിഷയങ്ങളും സാധാരണനിലയിലേക്ക് മടങ്ങിയെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി കൂടിക്കാഴ്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് മുബാറക് അല്‍ഹജ്‌റഫ് വ്യക്തമാക്കി.

മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പു വരുത്താനും അസ്ഥിരപ്പെടുത്താനുള്ള ഗൂഢ തന്ത്രങ്ങളെ ഒരുമിച്ചുനിന്ന് ചെറുത്തുതോല്‍പ്പിക്കാനും ഉച്ചകോടി തീരുമാനിച്ചു.
രാഷ്ട്രീയ നിലപാടുകള്‍ ഏകീകരിച്ച് തന്ത്രപരമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിലൂടെ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തണം. ഒരു രാജ്യത്തിന്റെയും പരമാധികാരം ലംഘിക്കപ്പെടുകയോ സുരക്ഷ ലക്ഷ്യമിടുകയോ ചെയ്യില്ല. ഗള്‍ഫ് സഹകരണവും സഹോദരബന്ധവും പുന:സ്ഥാപിക്കണം. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, ഗള്‍ഫ് സുരക്ഷക്കു നേരിടുന്ന ഭീഷണികളെ സംയുക്തമായി നേരിടല്‍, വെല്ലുവിളികളെ നേരിടാന്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ സൈനിക ഏകീകരണം വര്‍ധിപ്പിക്കല്‍ എന്നിവയും കരാര്‍ ലക്ഷ്യമിടുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബാഹ്, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ്, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് എന്നിവരാണ് അല്‍ഉല കരാറില്‍ ഒപ്പു വെച്ചത്.