
ദോഹ: ഖത്തറില്‍ 40 ശതമാനം പേര്‍ അമിതവണ്ണത്തിന്റെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. അഞ്ചു സ്‌കൂള്‍കുട്ടികളില്‍ ഒരാളും അമിതവണ്ണത്തിന്റെയും പൊണ്ണത്തടിയുടെയും പ്രശ്‌നങ്ങള്‍ നേരിടുന്നു. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന രോഗങ്ങളായ രക്തസമ്മര്‍ദ്ദം, ഫാറ്റി ലിവര്‍ എന്നിവ കുട്ടികളിലും ഇപ്പോള്‍ കാണപ്പെടുന്നുണ്ട്. പ്രത്യുല്‍പാദന പ്രായത്തിലുള്ള 36 ശതമാനം സ്ത്രീകള്‍ പൊണ്ണത്തടിയുള്ളവരും 25 ശതമാനം അമിതഭാരമുള്ളവരുമാണെന്ന് എച്ച്എംസിയിലെ ആരോഗ്യ വിദഗ്ദ്ധ ഡോ. മോണിക്ക സ്‌കരുലിസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഗര്‍ഭകാല പ്രമേഹ നിരക്ക് 2018 ല്‍ 23.5 ശതമാനമായിരുന്നു. ജനിതകപരമായ കാരണങ്ങള്‍, അമ്മയുടെ ആരോഗ്യം, കുട്ടിയുടെ ജീവിതരീതി എന്നിവയെല്ലാം കുട്ടിക്കാലത്തെ പ്രമേഹത്തിന്റെ അപകടസാധ്യതാ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.