
ദോഹ: പ്രൊഫഷണല്‍ സ്‌ക്വാഷ് അസോസിയേഷന്റെ(പിഎസ്എ) ലോക ചാമ്പ്യന്‍ഷിപ്പിന്റെ 40-ാം എഡീഷന് ഖത്തര്‍ വേദിയാകും. നവംബര്‍ എട്ടു മുതല്‍ പതിനഞ്ചുവരെ ഖലീഫ രാജ്യാന്തര ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലായിരിക്കും ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഖത്തര്‍ ടെന്നീസാണ് ചാമ്പ്യന്‍ഷിപ്പിന് ചുക്കാന്‍പിടിക്കുന്നത്. പിഎസ്എ ടൂര്‍ കലണ്ടറിലെ ഏറ്റവും ആകര്‍ഷകവും പോരാട്ടവീര്യം നിറഞ്ഞതുമാണ് ലോക ചാമ്പ്യന്‍ഷിപ്പ്. പുരുഷവിഭാഗത്തിലെ 56 ടോപ്പ് റാങ്കിങ് താരങ്ങളും എട്ട് വൈല്‍ഡ് കാര്‍ഡ് താരങ്ങളും ഉള്‍പ്പടെ 64 പേരായിരിക്കും മത്സരരംഗത്തുണ്ടാകുക. 3.53ലക്ഷം ഡോളറാണ് സമ്മാനത്തുക.
ഇതു അഞ്ചാം തവണയാണ് ഖത്തര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. നേരത്തെ 1998, 2004, 2012, 2014 വര്‍ഷങ്ങളിലും ലോക ചാമ്പ്യന്‍ഷിപ്പ് ഖത്തറിലായിരുന്നു. 2014ല്‍ ഈജിപ്ഷ്യന്‍ താരങ്ങളായ റാമി അഷൂറും മുഹമ്മദ് അല്‍ഷര്‍ബാഗിയും തമ്മിലുള്ള കലാശപ്പോരാട്ടം സ്‌ക്വാഷ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്. രാജ്യാന്ത സ്‌ക്വാഷ് സീനിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഖത്തറെന്ന് പിഎസ്എ ചീഫ് എക്‌സിക്യുട്ടീവ് അലക്‌സ് ഗൗ പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നതിനാല്‍ ഈ സീസണില്‍ ഖത്തര്‍ ക്ലാസിക്ക് ചാമ്പ്യന്‍ഷിപ്പുണ്ടാകില്ല. 2020-2021സീസണിലാകും ഖത്തര്‍ ക്ലാസിക് ഉണ്ടാകുക.