in ,

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സാംബ വിജയക്കുതിപ്പ് തുടരുന്നു

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തിയ അബ്ദുല്‍റഹ്മാന്‍ സാംബയുടെ ആഹ്ലാദം

2020 ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി

ദോഹ: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ അബ്ദുല്‍റഹ്മാന്‍ സാംബ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന ഷാങ്ഹായ് ഡയമണ്ട് ലീഗില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ഖത്തര്‍ താരം ഒന്നാമതെത്തിയത്. ഈ സീസണിലെ ആദ്യ ഡയമണ്ട്‌ലീഗില്‍ തന്നെ വിജയക്കുതിപ്പ് നടത്താന്‍ സാംബയ്ക്കായി. ദോഹ ഡയമണ്ട് ലീഗില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉണ്ടായിരുന്നില്ല. ഷാങ്ഹായില്‍ 47.27 സെക്കന്റിലാണ് ഖത്തര്‍ താരം ഫിനിഷ് ചെയ്തത്.

ഈ വിജയത്തോടെ സാംബ 2020ലെ ടോക്കിയോ ഒളിമ്പിക്‌സിനും യോഗ്യത നേടി. നേരത്തെ 800 മീറ്ററില്‍ ഖത്തറിന്റെ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ലയും ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. സാംബയുടെ വിജയം ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിക്കും ഖത്തരി ജനതയ്ക്കും സമര്‍പ്പിക്കുന്നതായി ഖത്തര്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് ഈസ അല്‍ഫദാല പറഞ്ഞു.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സീസണില്‍ അപരാജിത കുതിപ്പ് നടത്തിയ 23കാരനായ സാംബ ഡയമണ്ട് പ്രൈസും നേടിയിരുന്നു. 2017ല്‍ അമേരിക്കയുടെ ബെര്‍ഷോന്‍ ജാക്ക്‌സണ്‍ സ്ഥാപിച്ച 48.63 സെക്കന്റിന്റെ മീറ്റ് റെക്കോര്‍ഡാണ് ഷാങ്ഹായില്‍ സാംബ തിരുത്തിയത്. സീസണിലെ ആദ്യ ഡയമണ്ട്‌ലീഗ് റേസ് തന്നെ വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം സാംബ പ്രതികരിച്ചു.

ഈ വര്‍ഷത്തെ തന്റെ ലക്ഷ്യം ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പാണെന്നും സാംബ പറഞ്ഞു. 2017ലെ ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിനുശേഷം സാംബ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. കഴിഞ്ഞമാസം ദോഹയില്‍ നടന്ന 23-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ റെക്കോര്‍ഡോടെയായിരുന്നു അബ്ദുല്‍റഹ്മാന്‍ സാംബയുടെ സുവര്‍ണ നേട്ടം. 47.51 സെക്കന്റിലാണ് സാംബ ഫിനിഷ് ചെയ്തത്.

പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് കുറിക്കാനും സാംബയ്ക്ക് സാധിച്ചു. രാജ്യാന്തര അത്‌ലറ്റിക് മാഗസിനായ ട്രാക്ക് ആന്റ് ഫീല്‍ഡ് ന്യൂസിന്റെ 2018ലെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍റഹ്മാന്‍ സാംബ ഷാങ്ഹായിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കഴിഞ്ഞ വര്‍ഷം രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ അത്‌ലറ്റ് ഓഫ് ദി ഇയര്‍ നാമനിര്‍ദേശം സാംബയ്ക്ക് ലഭിച്ചെങ്കിലും പുരസ്‌കാരം നേടാനായില്ല. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സീസണിലെ തുടര്‍ച്ചയായ ഒന്‍പതാം മത്സരത്തിലും ജയമെന്ന അപൂര്‍വനേട്ടം കഴിഞ്ഞ സീസണില്‍ സാംബ സ്വന്തമാക്കിയിരുന്നു.

ഏഷ്യന്‍ ഗെയിംസ്, ഡയമണ്ട്‌ലീഗ് ഉള്‍പ്പടെയുള്ള പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം അപരാജിത കുതിപ്പായിരുന്നു ഖത്തര്‍ താരത്തിന്റേത്. കോണ്ടിനെന്റല്‍ കപ്പില്‍ 47.37 സെക്കന്റിലായിരുന്നു ഖത്തര്‍ താരം ഫിനിഷ് ചെയ്തത്. റോമില്‍ എഡ്വിന്‍ മോസസ് 37 വര്‍ഷങ്ങള്‍ക്കു മുന്‍പു സ്ഥാപിച്ച വേള്‍ഡ്/കോണ്ടിനെന്റല്‍ കപ്പ് റെക്കോര്‍ഡ് സമയത്തിനൊപ്പം എത്താനും സാംബയ്ക്കു കഴിഞ്ഞു.

ഇത്തവണ മത്സരിച്ചപ്പോഴെല്ലാം 48 സെക്കന്റില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്യാനും ഖത്തര്‍ താരത്തിനായി. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗെയിംസ് റെക്കോര്‍ഡോടെയായിരുന്നു സാംബ സ്വര്‍ണം സ്വന്തമാക്കിയത്. 47.66 സെക്കന്റില്‍ ഓടിയെത്തിയാണ് സാംബ പുതിയ ഗെയിംസ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 47സെക്കന്റില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്യുന്ന രണ്ടാമത്തെ താരമന്നെ ഖ്യാതി കഴിഞ്ഞവര്‍ഷം പാരീസ് ലീഗില്‍ സാംബ നേടിയിരുന്നു. 46.98സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സാംബ ചരിത്രനേട്ടം സ്വന്തമാക്കിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഓള്‍ടൈം ടോപ്പ് 25ല്‍ രണ്ടാംസ്ഥാനത്തേക്കുയരാനും സാംബയ്ക്കായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ തീര്‍ഥാടകര്‍ക്കെതിരെ സഊദിയുടെ വംശീയ വിവേചനം: ഹറമൈന്‍ വാച്ച്

അമീര്‍ കപ്പ് ഫൈനല്‍: മൂവസലാത്ത് ഉപയോഗിച്ചത് ഇലക്ട്രിക് ബസുകള്‍