
ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി 40,000 സീബ്രീം മത്സ്യക്കുഞ്ഞുങ്ങളെക്കൂടി ഖത്തരി സമുദ്രജലത്തിലേക്ക് തുറന്നുവിട്ടു. പ്രാദേശികമായി അല്‍ഷാം എന്നറിയപ്പെടുന്ന മത്സ്യയിനമാണിത്. രാജ്യത്തിന്റെ വടക്കന്‍ തീരമേഖലയില്‍ ഏറ്റവും അനുയോജ്യവും സുരക്ഷിതുവമായ രണ്ടു സ്ഥലങ്ങളിലാണ് ഇവയെ തുറന്നുവിട്ടത്. മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിടുന്നത്. ഓരോന്നിനും ഏകദേശം അഞ്ചു കിലോഗ്രാം വീതമാണ് ഭാരം. റാസ് മത്ബഖിലെ അക്വാട്ടിക് ഫിഷറീസ് റിസര്‍ച്ച് സെന്ററിലായിരുന്നു മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം. നേരത്തെ രണ്ടു ഘട്ടങ്ങളായി 51,000 മത്സ്യങ്ങളെ തുറന്നുവിട്ടിരുന്നു. ഇതോടെ ആകെ തുറന്നുവിട്ട മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം 91,000ആയി. ആകെ രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിടാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ രണ്ടു ഘട്ടങ്ങളായി ഹമൂര്‍ കുഞ്ഞുങ്ങളെയും തുറന്നുവിട്ടിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ തീര അതിര്‍ത്തി സുരക്ഷാ സേനയുമായി സഹകരിച്ചാണ് പ്രോഗ്രാം. ശാസ്ത്രീയവും പാരിസ്ഥിതികവുമായ സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ച് രണ്ടുലക്ഷത്തോളം സീബ്രീം മത്സ്യങ്ങളെ അക്വാട്ടിക് റിസര്‍ച്ച് സെന്ററിന്റെ വിദഗ്ദ്ധസംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.