
ദോഹ: ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ കെഎംസിസി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായ അലി അസീസ് 42 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1977 ജൂണ്‍ 29നു ഖത്തറിലെത്തിയ അദ്ദേഹം നാല് ദശാബ്ദങ്ങളായുള്ള ഖത്തറിന്റെ വളര്‍ച്ചക്കും കുതിപ്പിനും സാക്ഷിയാണ്. ഖത്തറിലേക്ക് വരുന്നത്തിനു മുമ്പ് പിതാവിനോടൊപ്പം മുംബൈയില്‍ ജോലി ചെയ്തിരുന്നതടക്കം അര നൂറ്റാണ്ടിന്റെ മറുനാട്ടിലെ യാത്രക്കാണ് വിരാമം കുറിക്കുന്നത്.
പ്രവാസി സമൂഹത്തിന്റെ ഭാഗമായി സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കാന്‍ അദ്ദേഹം മുന്നില്‍ ഉണ്ടായിരുന്നു. റസവ അബൂത്തറിര് ഓയാസീസ് ഹോട്ടലിന്റെ ബീച്ച് ക്ലബ്ബിലെ ജോലിക്കാരനായിട്ടാണ് ഖത്തര്‍ പ്രവാസം ആരംഭിച്ചത്.
ഒമ്പത് വര്‍ഷം അവിടെ ജോലി ചെയ്തതിനിടയില്‍ തന്നെ ‘ഖത്തര്‍ വെല്‍ഫെയര്‍ ഫണ്ട്’ എന്ന പേരില്‍ കമ്മിറ്റി രൂപീകരിക്കുകയും പ്രയാസപ്പെടുന്നവര്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്തു. വാഹന സൗകര്യവും ആശയ വിനിമയത്തിനുള്ള സാഹചര്യവും കുറവായിരുന്ന കാലത്ത് സൈക്കിളില്‍ ദൂരസ്ഥലങ്ങളിലേക്ക് പോലും യാത്ര ചെയ്ത് കൂട്ടായ്മകളിലും സാമൂഹ്യ സരംഭങ്ങളിലും അദ്ദേഹം ഭാഗമായി. കെഎംസിസിയുടെ നേതാവ്, മറ്റു സംഘടനകളുടെ സാരഥി എന്നീ നിലകളിലെല്ലാം അദ്ദേഹം മറ്റുള്ളവര്ക്ക്് മാതൃകയാണ്.
സാമൂഹ്യ സേവനം തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും നാട്ടിലെത്തിയാലും പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. അലി അസീസിനുള്ള കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സ്നേഹാദരവും യാത്രയയപ്പും ജൂണ്‍ 28നു വെള്ളിയാഴ്ച വൈകിട്ട് ഏഴിന് തുമാമ കെ എം സി സി ഹാളില്‍ നടക്കും. രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 30609887