in

ജോര്‍ദാനില്‍ നിന്നും 436 ഖത്തരി പൗരന്‍മാരെ തിരികെയെത്തിച്ചു

ജോര്‍ദാനില്‍ നിന്നും മടക്കിയെത്തിച്ച ഖത്തരി പൗരന്‍മാരെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പരിശോധിക്കുന്നു

ദോഹ: ജോര്‍ദാനില്‍ നിന്നും 436 ഖത്തരി പൗരന്‍മാരെയും ഖത്തരി മാതാക്കളുടെ കുട്ടികളെയും ദോഹയില്‍ മടക്കിയെത്തിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ രണ്ടു പ്രത്യേക വിമാനങ്ങളിലായി എത്തിച്ച പൗരന്‍മാരെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിദേശത്ത് നിന്ന് പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. ചികിത്സ, പഠനം, ടൂറിസം എന്നിവക്കായി ജോര്‍ദാനിലായിരുന്നവരെയാണ് സുരക്ഷിതമായി മടക്കിയെത്തിച്ചത്. കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം വിമാനസര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ മടങ്ങിവരവ് പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് രണ്ടു പ്രത്യേക വിമാനം അയച്ച് പൗരന്‍മാരെ തിരികെകൊണ്ടുവന്നത്.
കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്ത് പിന്തുടരുന്ന നടപടിക്രമങ്ങള്‍ അനുസരിച്ച് മടങ്ങിയെത്തുന്നവരെയെല്ലാം നിശ്ചിത സ്ഥലങ്ങളില്‍ ക്വാറന്റൈനിലേക്ക് മാറ്റുമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ മുബാറക്ക് അല്‍കുവാരി ഖത്തര്‍ ടെലിവിഷനോടു പറഞ്ഞു. ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. ഒരു പൗരന്‍ വിദേശത്തുനിന്നും മടങ്ങിയെത്തുമ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള സംഘം സ്വാഗതം ചെയ്യുകയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍ ജീവനക്കാര്‍ പരിശോധിക്കുകയും തുടര്‍ന്ന് പതിനാല് ദിവസത്തെ ക്വാറന്റൈനായി നിയുക്ത ഹോട്ടലിലേക്ക് മാറ്റുകയും ചെയ്യും.
വിമാനത്താവളത്തില്‍ പ്രത്യേക ക്ലിനിക്ക് സജ്ജമാക്കിയിട്ടുണ്ട്. ഉയര്‍ന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഖത്തറിലേക്ക് പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളം സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ സജീവമായി സഹകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ലെഫ്റ്റനന്റ് റാദി അല്‍ ഹജ്‌രി പറഞ്ഞു. മടങ്ങിവരുന്ന പൗരന്‍മാരെ ഹോട്ടലുകളിലേക്ക് കൊണ്ടുപോകാന്‍ അത്യാധുനിക ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാനില്‍ 500ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്

ഖത്തര്‍ ചാരിറ്റി പദ്ധതികളുടെ പ്രയോജനം ലഭിച്ചത് 8.44ലക്ഷത്തിലധികം പേര്‍ക്ക്‌