ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 86 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 255 ആയി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 400നു മുകളിലായി തുടരുന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8000ലധികമായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 453 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളില്‍ 403 എണ്ണം കമ്യൂണിറ്റി കേസുകളാണ്. 50 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. രാജ്യത്ത് ഇതേവരെ 1,56,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,48,137 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 8412 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 589 പേര്‍ ആസ്പത്രിയിലാണ്. 76 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
86 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ഒന്‍പത് പേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,116 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 4386 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 14,59,551 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.