
ദോഹ: ഖത്തറും മെക്സിക്കോയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 45-ാം വാര്‍ഷികം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി മെക്സിക്കോയിലെ ഖത്തര്‍ എംബസി വിദൂരാടിസ്ഥാനത്തില്‍ പരിപാടി സംഘടിപ്പിച്ചു. ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ജാസിം അല്‍കുവാരി, ഖത്തറിലെ മെക്സിക്കന്‍ അംബാസഡര്‍ ഗ്രാസിയേല ഗോമെസ് ഗാര്‍സിയ എന്നിവര്‍ പങ്കെടുത്തു. 1975 ജൂണ്‍ മുപ്പതിനാണ് ഖത്തറിനും മെക്സിക്കോക്കുമിടയില്‍ നയതന്ത്ര ഉഭയകക്ഷിബന്ധം സ്ഥാപിതമായതെന്ന് അംബാസഡര്‍ അല്‍കുവാരി ചൂണ്ടിക്കാട്ടി. 2014ലാണ് മെക്സിക്കോയില്‍ ഖത്തര്‍ എംബസി തുറക്കുന്നത്. തൊട്ടടുത്തവര്‍ഷം ദോഹയില്‍ മെക്സിക്കോയും എംബസി തുറന്നു. 2015 നവംബറില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ മെക്സിക്കന്‍ സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം വലിയതോതില്‍ വികസിച്ചു.
സന്ദര്‍ശനത്തിന്റെ ഫലമായി നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും രണ്ടുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. നേരിട്ടുള്ള വ്യോമ സേവന കരാറുകളും സാംസ്കാരിക കലാ മേഖലകളിലെയും ഊര്‍ജമേഖലയിലെയും കരാറുകളാണ് ഇതില്‍ പ്രധാനം. മെക്സിക്കന്‍ പ്രസിഡന്റ് എന്റിക്വ് പെന നീറ്റോ 2016 ജനുവരിയില്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ആ ഘട്ടത്തില്‍ വിദ്യാഭ്യാസം, ശാസ്ത്രം, സമുദായ വികസനം, സാംസ്കാരിക, സാങ്കേതിക, വിവര സഹകരണം എന്നീ മേഖലകളിലും കരാറുകള്‍ ഒപ്പുവെച്ചിരുന്നു. ഖത്തറുമായുള്ള സഹകരണ ബന്ധം നിക്ഷേപ, വാണിജ്യ മേഖലകളില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ താല്പര്യം അംബാസഡര്‍ ഗ്രാസിയേല ഗോമസ് ഗാര്‍സിയ സ്ഥിരീകരിച്ചു.