in ,

46 ഡ്രൈവിങ് പരിശീലകരുടെ ലൈസന്‍സ് റദ്ദാക്കിയതായി ലൈസന്‍സിങ് വകുപ്പ്‌

ദോഹ: ഡ്രൈവിങ് പരിശീലന വ്യവസ്ഥകള്‍ ലംഘിച്ചതിന് 46 പരിശീലകരുടെ ലൈസന്‍സ് റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ ലൈസന്‍സിങ് അഫയേഴ്‌സ് വകുപ്പാണ് ലൈസന്‍സുകള്‍ റദ്ദാക്കിയതെന്ന് ഡ്രൈവേഴ്‌സ് ലൈസന്‍സസ് മേധാവി ലെഫ്റ്റ്‌നന്റ് കേണല്‍ സലേം ഫഹദ് ഗുരാബ് പറഞ്ഞു.
ഒരു മാസത്തിനിടെ മുന്നൂറിലധികം നിയമലംഘനങ്ങള്‍ വകുപ്പ് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഡ്രൈവര്‍മാരുടെ പരിശീലനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലെയും വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്റെ ആദ്യ ഘട്ടം മുതല്‍ അവസാന ഘട്ടം വരെയുള്ള പരിശീലന പ്രക്രിയ വകുപ്പിലെ ഡ്രൈവിങ് സ്‌കൂള്‍സ് ഫോളോഅപ്പ് സെന്റര്‍ നിരീക്ഷണവിധേയമാക്കുന്നുണ്ട്.
ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്ന പരിശീലകരുടെയും വിദ്യാര്‍ത്ഥികളുടെയും ഡാറ്റാബേസും പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡാറ്റാബേസും ഈ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളിലെ തിയറി ക്ലാസുകള്‍ മുതല്‍ പ്രായോഗിക സ്ട്രീറ്റ് പരിശീലനം വരെയുള്ള പ്രക്രിയ പിന്തുടരുന്നത് എളുപ്പമാക്കാന്‍ ഈ ഡാറ്റാബേസ് സഹായകമാണ്.
വിദ്യാര്‍ഥിക്കും പരിശീലകനും വാഹനത്തിനുമിടയില്‍ ഇലക്ടോണിക് ലിങ്കുണ്ട്. പരിശീലന സമയവും ക്ലാസുകളുടെ എണ്ണവും സംബന്ധിച്ച് എല്ലാ ആവശ്യകതകളും നിറവേറ്റുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ഡ്രൈവിങ് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥിക്കും പരിശീലനകാര്‍ഡുണ്ടായിരിക്കും. അതുപോലെ പരിശീലനത്തിനായി ഉപയോഗിക്കുന്ന കാറിനും പരിശീലകനും മാഗ്നറ്റിക് കാര്‍ഡുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിനായി ഉപയോഗിക്കുന്ന കാറുകള്‍ക്കുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. 18 അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പ്രാപ്തരായ പരിശീലകരും വിവര്‍ത്തകരും സാങ്കേതിക ഉപകരണങ്ങളും ഡ്രൈവിംഗ് സ്‌കൂള്‍സ് ഫോളോ-അപ്പ് സെന്ററിലുണ്ടെന്നും അതിനാല്‍ പരിശീലനത്തിനായി വരുന്ന എല്ലാ രാജ്യക്കാരുമായും ഭാഷാവ്യത്യാസമില്ലാതെ ആശയവിനിമയം നടത്താനാകുമെന്നും ഗുറാബ് പറഞ്ഞു.
ട്രാഫിക് നിയമത്തെക്കുറിച്ചും ഡ്രൈവിങിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും കേന്ദ്രത്തില്‍ വിവിധ ഭാഷകളില്‍ പ്രഭാഷണം നടത്തുന്നുണ്ട്.
പരിശീലനത്തില്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവിങ്് ഫീല്‍ഡുകള്‍, പരിശീലനം, പ്രഭാഷണ മുറികള്‍ എന്നിവ നിരീക്ഷിക്കുന്നതായി ക്യാപ്റ്റന്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ഗാനിം പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലവും നിരീക്ഷിക്കുന്നുണ്ട്. എല്ലാ സ്‌കൂളുകളിലെയും പരിശീലന പ്രക്രിയ ജനറല്‍ ട്രാഫിക് വകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക നമ്പര്‍ ഉണ്ടെന്നും ഈ നമ്പര്‍ സ്‌കൂളുകളിലെയും പരിശീലന മുറികളിലെയും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഐപാഡില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനത്തില്‍ അതൃപ്തി തോന്നുന്ന അല്ലെങ്കില്‍ എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും പരാതി നല്‍കാന്‍ കേന്ദ്രത്തെ ബന്ധപ്പെടാം. ഇതിനായി രാജ്യത്തെ ഒന്‍പത് ഡ്രൈവിങ് സ്‌കൂളുകളിലായി 18 ഭാഷകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥിയില്‍ നിന്ന് പരാതി ഉണ്ടായാല്‍ നിഷ്പക്ഷ സമിതി രൂപീകരിച്ച് പരിഹരിക്കും. പ്രതിദിനം 6,000 ട്രെയിനികളെയും 1,200 പരിശീലകരെയും 400 ടെസ്റ്റുകളെയും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ടീ ബാഗുകള്‍ക്കുള്ളില്‍വെച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു

സര്‍ക്യു ഡു സൊലയ്‌ലിന്റെ മെസ്സി ഷോ ഫെബ്രുവരി 27 മുതല്‍