ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഡിഎഫ്ഐ) ധനസഹായത്തോടെ നിര്‍മിച്ച അഞ്ചു ചിത്രങ്ങള്‍ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍. സ്വിറ്റ്സര്‍ലന്റിലെ ലൊക്കാര്‍ണോയില്‍ ആഗസ്ത് നാലിന് ആരംഭിച്ച ഫെസ്റ്റിവല്‍ 14വരെ തുടരും. ഡിഎഫ്ഐയുടെ ഗ്രാന്റ്സ് പദ്ധതി പ്രകാരം നിര്‍മിച്ച സിനിമകള്‍ ലൊക്കാര്‍ണോയില്‍ വിവിധ വിഭാഗങ്ങളിലായാണ് പ്രദര്‍ശിപ്പിക്കുന്നത്. ഖത്തരി ചലച്ചിത്ര സംവിധായകന് മാജിദ് അല്‍റുമൈഹിയുടെ ആന്റ് ദെന്‍ ദെ ബേണ്‍ ദി സീ എന്ന ഹ്രസ്വചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഇതാദ്യാമായാണ് ഖത്തരി ഹ്രസ്വചിത്രം ലൊക്കാര്‍ണോ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലൊക്കാര്‍ണോ മത്സരവിഭാഗത്തില്‍ മജീദ് അല്‍റുമൈഹിയുടെ സിനിമ തെരഞ്ഞെടുക്കപ്പെട്ടത് ഖത്തറിന്റെ ചലച്ചിത്രമേഖലയുടെ പരിണാമത്തിലെ നാഴികക്കല്ലാണെന്ന് ഡിഎഫ്ഐ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു. ഡിഎഫ്ഐ ധനസഹായത്തോടെ നിര്‍മിക്കപ്പെട്ട ഗസ്സാന്‍ സല്ഹബിന്റെ ലബനാന്, ഫ്രാന്‍സ്, ജര്‍മനി, ഖത്തര്‍ സംയുക്ത സംരംഭമായ ദി റിവര്‍ ലൊക്കാര്‍ണോയില്‍ രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പാര്‍ദോ ഡി ഓറോ പുരസ്കാരത്തിന് നാമനിര്‍ദേശവും ലഭിച്ചു. കാര്‍ലോ ഫ്രാന്‍സിസ്കോ മനറ്റാഡിന്റെവേള്ഡ് ഈസ് വെതര്‍ വെതര്‍ ഈസ് ഫൈന്‍, ബാസെല്‍ ഗന്ദൗറിന്റെ ദി അലീസ്, അഹമ്മദ് സാലേഹിന്റെ നൈറ്റ് എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു. ലൊക്കാര്‍ണോയില്‍ സിനിമകളെ പ്രതിനിധീകരിക്കാന്‍ ഖത്തറിനും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനും കഴിയുന്നു എന്നത് അനിതരസാധാരണമായ ബഹുമതിയും അംഗീകാരവുമാണെന്നും അത്യധികമായ സന്തോഷമുണ്ടെന്നും ഡിഎഫ്ഐ അറിയിച്ചു.