Saturday, August 15ESTD 1934

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു, 1005 പേര്‍ കൂടി സുഖംപ്രാപിച്ചു

  • പുതിയതായി 600 പേര്‍ക്ക് കൂടി കോവിഡ്
  • മരണസംഖ്യ 134 ആയി
  • 5908 പേര്‍ ചികിത്സയില്‍, 714 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 61 വയസ് പ്രായമുള്ള വ്യക്തിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബത്തെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണം 134 ആയി ഉയര്‍ന്നു. അതേ സമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയില്‍ പുതിയതായി പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം കുറഞ്ഞുതന്നെ തുടരുന്നതും ആശ്വാസകരമാണ്. ഇന്ന് 1005 പേര്‍ക്കു കൂടി രോഗം മാറി. ഇന്ന് പുതിയ രോഗികളേക്കാള്‍ രണ്ടിരട്ടിയോളമാണ് രോഗമുക്തരുടെ എണ്ണം. ഇതുവരെ 94,903 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് മെയ് 30നായിരുന്നു. അന്ന് 5235 പേര്‍ക്കാണ് രോഗം മാറിയത്.

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 600 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ 12-ാം ദിവസമാണ് ആയിരത്തില്‍ താഴെയായി തുടരുന്നത്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,945 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായി.

നിലവില്‍ 5908 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 714 പേര്‍ ആസ്പത്രിയിലാണ്, 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67 പേരെ ആസ്പത്രിയിലും ഏഴു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 3,90,997 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4886 പേരെ പരിശോധനക്ക് വിധേയരാക്കി.

error: Content is protected !!