
ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 15 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 609 പേര്‍ കൂടി മടങ്ങി. കൊച്ചി, അഹമ്മദാബാദ്, കൊല്‍ക്കത്ത വഴി ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്കായിരുന്നു ഇന്നലത്തെ സര്‍വീസുകള്‍. അഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 215 യാത്രക്കാരുമായി ഇന്നലെ രാവിലെയാണ് ഇന്‍ഡിഗോയുടെ 6ഇ-9439 വിമാനം കൊല്‍ക്കത്ത വഴി ശ്രീനഗറിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് 208 യാത്രക്കാരുമായി ഇന്‍ഡിഗോയുടെ 6ഇ 9435 അഹമ്മദാബാദ് വിമാനവും തുടര്‍ന്ന് പത്തു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 186 യാത്രക്കാരുമായി എയര്‍ഇന്ത്യയുടെ ഐഎക്‌സ് 1476 കൊച്ചി വിമാനവും പുറപ്പെട്ടു. ഇതുവരെ മടങ്ങിയത് 208 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 7672 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 7464 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 43 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്.
ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. വന്ദേഭാരത് മിഷനില്‍ ഇന്ന് മധുരയിലേക്ക് ഒരു സര്‍വീസ് മാത്രമാണുള്ളത്. നാളെ സര്‍വീസുകളൊന്നുമില്ല. 23ന് കോയമ്പത്തൂരിലേക്ക് സര്‍വീസുണ്ട്. വിവിധ കമ്പനികളുടെയും കമ്യൂണിറ്റി പ്രസ്ഥാനങ്ങളുടേതുമുള്‍പ്പടെ ചാര്‍ട്ടേഡ് വിമാനസര്‍വീസുകളും പുരോഗമിക്കുന്നു.