in ,

ഖത്തറിന്‌ എണ്ണയിതര മേഖലയില്‍ 61 ശതമാനം വളര്‍ച്ച; 2026-ഓടെ എല്‍.എന്‍.ജി ഉത്പാദനം 40 ശതമാനം വര്‍ധനവിലേക്ക്: ശൈഖ് തമീം

ശൈഖ് തമീം

ദോഹ:  നോര്‍ത്ത് ഫീല്‍ഡില്‍ വാതക ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും  2026ഓടെ ദ്രവീകൃത പ്രകൃതിവാതക ( എല്‍.എന്‍.ജി) ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. പ്രഥമ ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് അമീര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പരിസ്ഥിതി മലിനീകരണം കുറക്കുന്നതും കുറവ് കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നതുമായ പ്രകൃതി വാതകമാണ് ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും. എന്നാല്‍ ഹരിത, സുസ്ഥിര, സമാന്തര ഊര്‍ജ സ്രോതസ്സുകള്‍ക്കായുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നും അമീര്‍ പറഞ്ഞു.
കോവിഡിനാന്തരം അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സന്തുലിത സാമ്പത്തിക നയമാണ് ഖത്തര്‍ മുന്നോട്ട് വെക്കുന്നത്. ഭാവി തലമുറയുടെ വളര്‍ച്ചക്കും വികാസത്തിനുമായിരിക്കും പലതരം വരുമാനങ്ങള്‍ വിനിയോഗിക്കാന്‍ കഴിയണം. അതിനാണ് വരുമാന സ്രോതസ്സുകള്‍ വൈവിധ്യമാക്കുന്നതിനായി നീക്കങ്ങള്‍ നടത്തുന്നത്. എണ്ണയിതര മേഖലയില്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

2020ലെ ജി ഡി പിയില്‍ 61 ശതമാനത്തിലധികമാണ് ഇതില്‍ നിന്നുള്ള സംഭാവന.  കൂടുതല്‍ വ്യാപാര സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി നിയമനിര്‍മാണമടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ഖത്തര്‍. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഖത്തറിനു പുറത്തുള്ള മൂലധനം, പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം  എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ആരോഗ്യ മേഖലയിലേയും സാങ്കേതികവിദ്യയിലേയും പല തരം നവീന പദ്ധതികളും ഫ്രീസോണും ഇത്തരം പങ്കാളിത്തത്തിന്റെ ഭാഗമാണ്.

ഹമദ് രാജ്യാന്തര വിമാനത്താവളം, തുറമുഖം എന്നിവയുടെ വികസനം  വളര്‍ച്ചക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്നും അമീര്‍ വിശദീകരിച്ചു. കോവിഡിനെത്തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖലയെ ബാധിച്ച പ്രതിസന്ധി മറികടക്കാനുള്ള ആലോചനകളാണ് സാമ്പത്തിക ് ഫോറത്തിന്റെ പ്രധാന ഉള്ളടക്കം. പൂര്‍ണമായും ഒണ്‍ലൈനായി സംഘടിപ്പിക്കുന്ന ത്രിദിന ഫോറത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും സംബന്ധിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പേള്‍ മോഡേണ്‍ സ്‌കൂളിന് അല്‍മെഷാഫില്‍ പുതിയ കെട്ടിടം

ഖത്തറില്‍ സഊദിഅറേബ്യയുടെ പുതിയ അംബാസിഡര്‍ ചുമതലയേറ്റു