അഞ്ചു മരണം കൂടി, പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധന
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണവിധേയമാകുന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്. പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 718 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,513 പേര്‍ക്കാണ് രോഗം ഭേദമായത്. പുതിയ രോഗികളേക്കാള്‍ രോഗം ഭേദമായവരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധന.
അതേസമയം അഞ്ചു പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 45, 56, 59 വയസ് വീതം പ്രായമുള്ളവരും 69 വയസുള്ള രണ്ടുപേരുമാണ് മരിച്ചത്. ഇവരില്‍ മൂന്നു പേര്‍ക്ക് വിട്ടുമാറാത്ത അസുഖങ്ങളുണ്ടായിരുന്നു. എല്ലാവര്ക്കും മികച്ച ചികിത്സയും പരിചരണവുമാണ് ലഭ്യമാക്കിയിരുന്നതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മരണനിരക്കിലെ വര്‍ധന തുടരുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 418 ആയി. കഴിഞ്ഞ 27 ദിവസത്തിനിടെ മാത്രം 136 പേരാണ് രോഗബാധിതരായി മരണത്തിനു കീഴടങ്ങിയത്.
പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 718 കേസുകളില്‍ 553 എണ്ണമാണ് കമ്യൂണിറ്റിയിലുള്ളത്. വിദേശത്തുനിന്നും മടങ്ങിയെത്തിയ 165 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതേവരെ കോവിഡ് ബാധിച്ചത് 2,01,496 പേര്‍ക്കാണ്. രോഗമുക്തരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് വര്‍ധനവുണ്ട്. ഇതേവരെ 1,79,974 പേരാണ് രോഗമുക്തരായത്. നിലവില്‍ 21,104 പേരാണ് ചികിത്സയിലുള്ളത്.
1,112 പേര് ആസ്പത്രിയിലാണ്. 76 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പ്രവേശിപ്പിച്ചത്്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുതന്നെ തുടരുന്നു. 435 പേര് തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 18 പേരെ കഴിഞ്ഞദിവസമാണ് പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 9,613 പേരെ പരിശോധിച്ചു.
ഇതില്‍ 5,603 പേരെ ആദ്യമായാണ് പരിശോധനക്ക് വിധേയരാക്കിയത്. രാജ്യത്ത് ഇതേവരെ 18,75,805 പേരെ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ വാക്സിന്റെ 22,385 ഡോസ്് നല്കി. കാമ്പയിന് തുടങ്ങിയശേഷം ഇതുവരെയായി 13,94,781 ഡോസ് വാക്സിനുകളാണ് നല്‍കിയത്.