Tuesday, July 7ESTD 1934

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, 1477 പേര്‍ കൂടി രോഗമുക്തരായി

  • 750 പുതിയ കോവിഡ് രോഗികള്‍
  • 15601 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 750 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആയിരത്തില്‍ താഴെയായി തുടരുന്നത്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും ആയിരത്തില്‍ താഴെയാണ്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,413 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് കാര്യമായ കുറവുണ്ടായി. അതുപോലെതന്നെ സുഖം പ്രാപിക്കുന്നവരുടെ എണ്ണം കൂടുന്നതും കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലെ കുറവും ആശ്വാസകരമാണ്. തുടര്‍ച്ചയായ നാലു ദിവസങ്ങള്‍ക്കുശേഷം ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും ആശ്വാസമായി. ഇതുവരെ 110 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. ഇന്ന് 1477 പേര്‍ക്കു കൂടി രോഗം മാറി. ഇന്നും പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 78,702 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് മെയ് 30നായിരുന്നു. അന്ന് 5235 പേര്‍ക്കാണ് രോഗം മാറിയത്.

നിലവില്‍ 15,601 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 926 പേര്‍ ആസ്പത്രിയിലാണ്, 201 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേരെ ആസ്പത്രിയിലും എട്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 3,49,153 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3462 പേരെ പരിശോധനക്ക് വിധേയരാക്കി.

error: Content is protected !!