
- 1986 പേര്‍ കൂടി രോഗമുക്തരായി, 756 പേര്‍ക്ക് കൂടി കോവിഡ്
- 9949 പേര്‍ ചികിത്സയില്‍, 765 പേര്‍ ആസ്പത്രിയില്‍
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മൂന്നുപേരും. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഖത്തറില്‍ ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് ജൂണ്‍ 19നായിരുന്നു. ഏഴു പേരായിരുന്നു അന്ന് മരിച്ചത്. രാജ്യത്തെ കോവിഡ് മരണം 121 ആയി ഉയര്‍ന്നു. അതേ സമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് തുടരുന്നു. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,000ല്‍ താഴെയായതും ആശ്വാസകരമാണ്. ഇന്ന് 1986 പേര്‍ക്കു കൂടി രോഗം മാറി. ഇന്ന്് പുതിയ രോഗികളേക്കാള്‍ രണ്ടിരട്ടിയിലധികമാണ് രോഗമുക്തരുടെ എണ്ണം. ഇതുവരെ 88,583 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് മെയ് 30നായിരുന്നു. അന്ന് 5235 പേര്‍ക്കാണ് രോഗം മാറിയത്.
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 756 പേര്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചു. പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ എട്ടാം ദിവസമാണ് ആയിരത്തില്‍ താഴെയായി തുടരുന്നത്. ആസ്പത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും ആയിരത്തില്‍ താഴെയാണ്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 98,653 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാള്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വലിയ കുറവുണ്ടായിട്ടുണ്ട്.
നിലവില്‍ 9949 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 765 പേര്‍ ആസ്പത്രിയിലാണ്, 185 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 91 പേരെ ആസ്പത്രിയിലും പത്തു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 3,72,005 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5910 പേരെ പരിശോധനക്ക് വിധേയരാക്കി. കഴിഞ്ഞ രണ്ടുദിവസത്തില്‍ മാത്രം 11,000ലധികം പേരെ പരിശോധിച്ചു. ഇതില്‍ 1650 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളുടെ സാന്നിധ്യം കാരണം അത്യാഹിത വിഭാഗങ്ങളിലോ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേനയോ രോഗനിര്‍ണയം നടത്തിയവരിലാണ് ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുപുറമെ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. പുതിയതായി കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.