in

മധ്യാഹ്ന വിശ്രമനിയമലംഘനം: 84 കമ്പനികളുടെ തൊഴിലിടങ്ങള്‍ പൂട്ടി

ദോഹ: മധ്യാഹ്ന വിശ്രമനിയമം ലംഘിച്ച 84 കമ്പനികളുടെ തൊഴിലിടങ്ങള്‍ അടച്ചതായി ഭരണനിര്‍വഹണ വികസനതൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച വര്‍ക്ക് സൈറ്റുകള്‍ താല്‍ക്കാലികമായി പൂട്ടുകയായിരുന്നു. രാജ്യത്ത് കനത്ത ചൂട് അനുഭവപ്പടുന്ന ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളിലായി 75 ദിവസമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. ഈ ദിവസങ്ങളില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കുന്നുണ്ട്. ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ ശക്തമായ പരിശോധനകളും ക്യാമ്പയിനുകളും സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് 84 തൊഴിലിടങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ജൂണ്‍ പതിനെട്ട് മുതല്‍ ജൂലൈ രണ്ടു വരെ നടന്ന പരിശോധനാ കാമ്പയിനിലാണ് ഇത്രയധികം ലംഘനങ്ങള്‍ കണ്ടെത്തിയത്. വ്യവസ്ഥകള്‍ ലംഘിച്ചതിന് ഈ കമ്പനികളുടെ തൊഴിലിടങ്ങള്‍ മൂന്നുദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ലംഘകരിലധികവും.
എല്ലാ കമ്പനികളും ഉച്ച വിശ്രമ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന തുടരും. വനിതാ തൊഴിലാളികള്‍ ഉള്ള സ്ഥലങ്ങളില്‍ വനിതാ പരിശോധനാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. നിയമം ലംഘിക്കുന്ന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ലൈസന്‍സ് വരെ റദ്ദാകും. കൂടാതെ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. എല്ലാ വര്‍ക്ക് സൈറ്റുകളിലും മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന ആരോഗ്യ പരിചരണവും ഉറപ്പാക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 2007ലെ 16ാം നമ്പര്‍ മന്ത്രിസഭാ തീരുമാന പ്രകാരമാണ് വേനലില്‍ മധ്യാഹ്നവിശ്രമ നിയമം രാജ്യത്ത് നടപ്പാക്കിയത്. തുറസ്സായ സ്ഥലങ്ങളില്‍ പുറം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമം അതാത് കമ്പനികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നുണ്ട്. നിയമലംഘനം നടത്തിയ വര്‍ക്ക് സൈറ്റുകള്‍ ലംഘനങ്ങളുടെ വ്യാപ്തി അനുസരിച്ച് ഒരു മാസം വരെയാണ് അടച്ചിടുന്നത്. മന്ത്രിസഭാ തീരുമാനപ്രകാരമാണ്ശിക്ഷാനടപടിയുടെ ഭാഗമായി അടച്ചിടുന്നത്. ജൂണ്‍ 15നാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. ആഗസ്ത് 31 വരെ നിയമം തുടരും. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ജോലിസമയം ക്രമീകരിച്ചു നിയമം എല്ലാ വര്‍ഷവം നടപ്പാക്കുന്നത്.
രാവിലെയുള്ള ജോലിസമയം 11.30 നുള്ളില്‍ അവസാനിപ്പിക്കണം. പരമാവധി അഞ്ച് മണിക്കൂര്‍ മാത്രമേ രാവിലെ ജോലി നല്‍കാവൂ. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമേ വീണ്ടും ജോലി തുടങ്ങാവൂ എന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ തൊഴിലാളികള്‍ക്ക് കുറഞ്ഞത് ഉച്ചക്ക് രണ്ടര മണിക്കൂര്‍ വിശ്രമസമയം ലഭിക്കും. രാജ്യത്ത് ചൂടും അന്തരീക്ഷ ഈര്‍പ്പവും വര്‍ധിച്ചതിനാല്‍ സൂര്യാഘാതമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡിനെതിരായ പോരാട്ടത്തില്‍ അഭിമാനമായി ഈ ഖത്തരി വനിതകള്‍

സല്‍വാ ബീച്ച് റിസോര്‍ട്ട് അമീര്‍ സന്ദര്‍ശിച്ചു