
ദോഹ: കാര്‍ണീജ് മെലണ്‍ യൂണിവേഴ്‌സിറ്റി ഖത്തറില്‍(സിഎംയു-ക്യു) 86 വിദ്യാര്‍ഥികള്‍ ബിരുദംനേടി പുറത്തിറങ്ങി. കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി വിര്‍ച്വല്‍ ചടങ്ങായാണ് സംഘടിപ്പിച്ചത്. ബിരുദധാരികളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സിഎംയു ക്യു കമ്യൂണിറ്റി അംഗങ്ങള്‍ തുടങ്ങി 450ലധികം പേര്‍ ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിച്ചു. പിറ്റ്‌സ്ബര്‍ഗിലെ പ്രധാന കാര്‍ണീജ് മെലണ്‍ കാമ്പസില്‍ നിന്നുള്ള വിര്‍ച്വല്‍ ചടങ്ങില്‍ ബിരുദധാരികള്‍ക്ക് ഡിഗ്രി ഔദ്യോഗികമായി ലഭിച്ചു.
നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും സുരക്ഷിതമാകുകയും ചെയ്യുമ്പോള്‍ ബിരുദദാനം ആഘോഷിക്കുന്നതിനായി ഔദ്യോഗിക പരിപാടി നടത്തുമെന്ന് സിഎംയു-ക്യു ഡീന്‍ മൈക്കല്‍ ട്രിക്ക് പറഞ്ഞു. 19 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ ബിരുദം നേടി പുറത്തിറങ്ങിയത്. ബയോളജിക്കല്‍ സയന്‍സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടേഷണല്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നീ കോഴ്‌സുകളിലായാണ് ബിരുദം നേടിയത്. ബിരുധധാരികളില്‍ 47ശതമാനം ഖത്തരി വിദ്യാര്‍ഥികളാണ്. സിഎംയു-ക്യുവില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങിയ ആകെ വിദ്യാര്‍ഥികളുടെ 900ലധികമായിട്ടുണ്ട്. ഖത്തറില്‍ ക്യാമ്പസ് പ്രവര്‍ത്തനം തുടങ്ങിയതിന്റെ പതിനാറാം വര്‍ഷമാണിത്തവണ. യൂണിവേഴ്‌സിറ്റിയുടെ 13-ാമത് ബിരുദദാന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.