
ദോഹ: ഖത്തറിലെ കൊറോണ വൈറസ്(കോവിഡ്19) ബാധിതരില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും 89 ശതമാനവും നേരിയ കേസുകളാണെന്നും ലുലുവ അല്‍ഖാതിര്‍. രോഗബാധിതരില്‍ 84ശതമാനം പേരും ക്വാറന്റൈനിലുണ്ടായിരുന്നവരായിരുന്നു. ക്വാറന്റൈന് പുറത്തായിരുന്ന 16ശതമാനമാണ് രോഗികള്‍. രോഗബാധിതരില്‍ 89 ശതമാനവും പുരുഷന്‍മാരാണ്. 11ശതമാനം പേര്‍ മാത്രമാണ് വനിതകള്‍. കോവിഡ് സ്ഥിരീകരിച്ച ഖത്തരികളില്‍ 47പേര്‍ വനിതകളും 65പേര്‍ പുരുഷന്‍മാരുമാണ്. പ്രവാസികളില്‍ 48പേര്‍ വനിതകളും 685 പേര്‍ പുരുഷന്‍മാരുമാണ്. രോഗബാധിതരില്‍ മൂന്നു ശതമാനം പേര്‍ 64 വയസിനുമുകളില്‍ പ്രായമുള്ളവരാണ്. പത്തു ശതമാനം പേര്‍ 55നും 64 വയസിനുമിടയിലും 18ശതമാനം പേര്‍ 45നും 54 വയസിനുമിടയിലും 25ശതമാനം പേര്‍ 35നും 45 വയസിനുമിടയിലും 31ശതമാനം പേര്‍ 25നും 34 വയസിനുമിടയിലും 12ശതമാനം പേര്‍ 15നും 24വയസിനുമിടയില്‍ പ്രായമുള്ളവരാണ്. ഇതേവരെ എട്ടുശതമാനം പേര്‍ രോഗമുക്തരാവുകയോ മരിക്കുകയോ ചെയ്തു. കോവിഡ് ബാധിച്ചു മരിച്ച രണ്ടുപേരും 55 വയസിനുമുകളില്‍ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടവരുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 51പേരെ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് അവിടെനിന്നും മാറ്റിയിട്ടുണ്ട്. നിലവില്‍ പന്ത്രണ്ടുപേര്‍ മാത്രമാണ് തീവ്രവപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളതെന്നും അവര്‍ പറഞ്ഞു.