
ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്(ഡിഎഫ്‌ഐ) സംഘടിപ്പിക്കുന്ന എട്ടാമത് അജ്‌യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് ഈ മാസം 18ന് തുടക്കമാകും. 46 രാജ്യങ്ങളില്‍ നിന്നുള്ള 22 ഫീച്ചര്‍ സിനിമകളും 50 ഹ്രസ്വ ചിത്രങ്ങളും 31 അറബ് സിനിമകളും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മുപ്പതോളം വനിതാ സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ മേളയില്‍ ഇടംനേടിയിട്ടുണ്ട്. കര്‍ശന കോവിഡ് മുന്‍കരുതല്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കും മേള സംഘടിപ്പിക്കുക. നവംബര്‍ 23വരെ മേള തുടരും. പ്രവേശനത്തിന് ഫേസ് മാസ്‌ക് നിര്‍ബന്ധം. സന്ദര്‍ശകരുടെ സ്മാര്‍ട്ഫോണില്‍ കോവിഡ് അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്തെറാസിലെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം. ഓണ്‍ലൈന്‍, അജ്യാല്‍ ഡ്രൈവ്-ഇന്‍, വോക്സ് സിനിമ തിയേറ്റര്‍ എന്നിങ്ങനെ മൂന്ന് വേദികളിലായി സിനിമകള്‍ കാണാം. 18ന് രാത്രി 8.30 മുതല്‍ നവംബര്‍ 23 അര്‍ധരാത്രി വരെ ഓണ്‍ലൈനില്‍ സിനിമ കാണാനുള്ള സൗകര്യമുണ്ടാകും. കൂടാതെ വോക്സ് സിനിമാസ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ നേരിട്ടെത്തിയും കാണാം. ലുസൈല്‍ സിറ്റിയില്‍ ഡ്രൈവ്-ഇന്‍ സിനിമാ പ്രദര്‍ശനവും അജ്യാല്‍ ട്യൂണ്‍സ് സംഗീതനിശയും ഒരുക്കിയിട്ടുണ്ട്. ഓരോ വേദികളിലും സിനിമ കാണാന്‍ പ്രത്യേക നിരക്കുകളാണ്. ഖത്തര്‍ മ്യൂസിയം കള്‍ചറല്‍ പാസുള്ളവര്‍ക്ക് 20 ശതമാനം ഇളവ് ലഭിക്കും. ടിക്കറ്റിനായി 2020.മഷ്യമഹളശഹാ.രീാ എന്ന ലിങ്ക് സന്ദര്‍ശിക്കണം. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ ഹസന്‍ അല്‍റുമൈഹി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. വെനീസ് ചലച്ചിത്രമേളയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രമായ ‘സണ്‍ ചില്‍ഡ്രന്‍’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ബാലവേല പ്രമേയമായ ചിത്രത്തിന്റെ സംവിധായകന്‍ മജിദ് മജിദിയാണ്. 2020 കാന്‍ ചലച്ചിത്രമേളയിലെ ഹ്രസ്വചിത്രങ്ങളില്‍ പുരസ്‌കാരം ലഭിച്ച’ അയാം അഫ്രൈഡ് ടു ഫൊര്‍ഗെറ്റ് യുവര്‍ ഫേസ്’ എന്ന ഈജിപ്ഷ്യന്‍ ചിത്രവും പ്രദര്‍ശിപ്പിക്കും. ലുസൈലിലെ ഡ്രൈവ്-ഇന്‍ സിനിമക്കു പുറമെ മള്‍ട്ടിമീഡിയ പ്രദര്‍ശനമായ ഔട്ട്ബ്രേക്ക്, ലോക സിനിമകളുടെ പ്രദര്‍ശനം, മെയ്ഡ് ഇന്‍ ഖത്തര്‍ പ്രോഗ്രാം, അജ്‌യാല്‍ ക്രിയേറ്റിവിറ്റി ഹബ്ബ് (ഗ്രീക്ക്ഡോം), അജ്‌യാല്‍ ട്യൂണ്‍സ്, അജ്‌യാല്‍ ടോക്ക് സീരിസ് എന്നിവയാണ് മറ്റ് പരിപാടികള്‍. ഫെസ്റ്റിവലില്‍ 450 മുതല്‍ 500വരെ കുട്ടി ജൂറിമാര്‍ പങ്കെടുക്കും. ഈ മാസം 11 മുതല്‍ 23വരെ ജൂറി കോംപറ്റീഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്. ജൂറിമാര്‍ക്ക് ഈ വര്‍ഷത്തെ ജൂറി പ്രോഗ്രാം ആസ്വദിക്കാന്‍ വിപുലമായ ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിവല്‍ ജൂറി പ്രോഗ്രാം ഓണ്‍ലൈനും ഓണ്‍സൈറ്റും സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് ഫോര്‍മാറ്റിലായിരിക്കും. ജുറൂര്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാകും. അവര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരമുണ്ടാകും. ചോദ്യോത്തര സെഷനിലും അജ്‌യാല്‍ ടോക്ക്‌സിലും പങ്കെടുക്കാനാകും. ഫെസ്റ്റിവല്‍ സംബന്ധിച്ച വിവരങ്ങള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.