in

ടെലി കമ്യൂണിക്കേഷന്‍ സേവനങ്ങളില്‍ 90%പേരും സംതൃപ്തരെന്ന് സര്‍വേ

അമെല്‍ സലേം അല്‍ഹനാവി

ദോഹ: രാജ്യത്തെ ടെലി കമ്യൂണിക്കേഷന്‍ സേവനങ്ങളില്‍ 90ശതമാനം വ്യവസായ ഉപഭോക്താക്കളും സംതൃപ്തരെന്ന് സര്‍വേ. കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയാണ്(സിആര്‍എ) ഇതുമായി ബന്ധപ്പെട്ട സര്‍വേ നടത്തിയത്.
സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സിആര്‍എ പ്രയോഗവല്‍ക്കരിക്കുന്ന സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഫീല്‍ഡ് സര്‍വേ. വ്യവസായ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൊഡാഫോണ്ഡ ഖത്തര്‍, ഊരിദൂ ഖത്തര്‍ എന്നീ സേവനദാതാക്കള്‍ നല്‍കുന്ന ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളില്‍ ഉപഭോക്താക്കളുടെ സംതൃപ്തിനില തിരിച്ചറിയുകയെന്നതാണ് സര്‍വേയുടെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം 1635 വ്യവസായ ഉപഭോക്താക്കളില്‍നിന്നായിരുന്നു വിവരശേഖരണം നടത്തിയത്.
നെറ്റ്വര്‍ക്ക് കവറേജ്, സേവന മൂല്യം, നിരക്ക് പദ്ധതികളും താരിഫുകളും, ബില്ലിങും പേയ്മെന്റും, ഉപഭോക്തൃ സേവനവും പരാതി പരിഹാരവും എന്നിവ ഉള്‍പ്പെടെ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ എല്ലാ വശങ്ങളിലും വ്യവസായ ഉപഭോക്താക്കളുടെ സംതൃപ്തി നില സര്‍വേ കണക്കാക്കി. സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളില്‍ വ്യവസായ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള സംതൃപ്തി 90ശതമാനമാണെന്നതാണ്.
84ശതമാനം പേര്‍ മൊബൈല്‍ വോയ്‌സ് സേവനങ്ങളില്‍ സംതൃപ്തരാണ്. 83ശതമാനം പേര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ സംതൃപ്തരാണ്. 2015ല്‍ നടത്തിയ സംതൃപ്തി സര്‍വേയിലെ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യവസായ ഉപഭോക്താക്കളുടെ സംതൃപ്തിയില്‍ 14ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഫിക്‌സഡ് ലൈന്‍ സേവനങ്ങളില്‍ 98ശതമാനം ഉപഭോക്താക്കളും സംതൃപ്തരാണ്. 94ശതമാനം പേര്‍ ഫിക്‌സഡ് ഇന്റര്‍നെറ്റ് സേവനങ്ങളില്‍ സംതൃപ്തരാണ്. 2015ലെ സര്‍വേയുമായി താരതമ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ ഏഴുശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ലീസ്ഡ് ലൈന്‍ സേവനങ്ങളില്‍ 90ശതമാനം പേരും സംതൃപ്തരാണ്.
എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും നൂതനവും വിശ്വസനീയവുമായ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള താല്‍പ്പര്യത്തിന് അനുസൃതമായാണ് സിആര്‍എ ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരത്തെയും കാര്യക്ഷമതയെയും കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ തേടുന്നുണ്ട്. ഈ ലക്ഷ്യം നേടുന്നതിന് സിആര്‍എ ആശ്രയിക്കുന്ന ഉപാധികളിലൊന്നാണ് സര്‍വേ.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഖത്തറിലെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനായി സേവനദാതാക്കളുമായി സിആര്‍എ ആശയവിനിമയം നടത്തുന്നുണ്ടെന്ന് സിആര്‍എ കണ്‍സ്യൂമര്‍ അഫയേഴ്‌സ് മാനേജര്‍ അമെല്‍ സലേം അല്‍ഹനാവി ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സംയുക്ത സൈനികാഭ്യാസം സമാപിച്ചു; പ്രതിരോധമന്ത്രി പങ്കെടുത്തു

എത്യോപ്യയില്‍ വൃക്ക ചികിത്സാകേന്ദ്രത്തിന് സഹായവുമായി ഖത്തര്‍